ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണം: കരാർ നൽകിയതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് നിർദേശം
ബ്രഹ്മപുരം പ്ലാന്റിലെ ഖരമാലിന്യ സംസ്കരണത്തിന് കരാർ നൽകിയതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. രേഖകളുടെ പകർപ്പുകൾ അമിക്കസ് ക്യൂറിയായ അഡ്വ. വിനുവിന് നാളെ വൈകുന്നേരത്തിനകം നൽകാൻ നഗരസഭാ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
കരാർ നൽകിയതിൽ വീഴ്ചകളുണ്ടെങ്കിൽ അത് റിപ്പോർട്ടിൽ വ്യക്തമാക്കാനും ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തീപിടിത്തത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദേശം.
സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി തദ്ദേശ ഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും എറണാകുളം കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡും റിപ്പോർട്ടുകൾ നൽകിയിരുന്നു. മറ്റ് ജില്ലകളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ നിയോഗിച്ച മറ്റ് അമിക്കസ് ക്യൂറിമാർ ഇവ പരിശോധിച്ച് ഏപ്രിൽ പത്തിനകം റിപ്പോർട്ട് നൽകണം. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്ന കാര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബ്രഹ്മപുരത്തെ തീപിടിത്തം തടയാനുളള നടപടികൾ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി സ്വീകരിക്കണം. അല്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
മാലിന്യസംസ്കരണത്തിന്റെ കാര്യത്തിൽ സർക്കാർ കൊച്ചിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മേൽനോട്ടത്തിന് ഉദ്യോഗസ്ഥ തലത്തിൽ സംവിധാനം വേണം. ബ്രഹ്മപുരത്തെ തീപിടിത്തം തടയാനുളള നടപടികൾ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി സ്വീകരിക്കണം. അല്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.