കണ്ണൂർ സർവകലാശാല വി സിക്കും രജിസ്ട്രാർക്കും എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന്, യൂണിവേഴ്സിറ്റിയിൽ അഫിലിയേഷൻ നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
കേസ് ഇന്ന് പരിഗണിച്ചപ്പോൾ അഫിലേഷൻ കിട്ടിയെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിയലക്ഷ്യ ഹർജി തീർപ്പാക്കിയത്. ഡിസംബര്‍ ഒമ്പതിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ സർവകലാശാല വിസിയും രജിസ്ട്രാറും കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നായിരുന്നു കോടതി ഉത്തരവിട്ടിരിന്നത്.
സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലിയേഷൻ നൽകാത്തതിനാലാണ് ട്രസ്റ്റ് മാനേജ്മെൻറ് ഡയറക്ടറും മാനേജിംഗ് ട്രസ്റ്റിയുമായ വത്സൻ മOത്തിലാണ് കോടതിയെ സമീപിച്ചത്. അഫിലിയേഷൻ നൽകാൻ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജിയാണ് തീർപ്പാക്കിയത്.