കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

പാതയോരത്തെ അനധികൃത കൊടികളും ബാനറുകളും നീക്കം ചെയ്യുന്നതിൽ സർക്കാരിന് അന്ത്യശാസനം നൽകി ഹൈക്കോടതി

ഉത്തരവുകൾ പലതും നിലവിലുണ്ടെങ്കിലും ബോർഡുകളുടെയും ബാനറുകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി
Updated on
1 min read

പാതയോരത്തെ അനധികൃത കൊടികളും ബാനറുകളും നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പ്രാഥമിക ജില്ലാ സമിതികൾക്ക് രൂപം നൽകി അടുത്ത മാസം 12നകം സർക്കാർ ഉത്തരവിറക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കൊടികളും ബാനറുകളും നീക്കം ചെയ്‌തത് സംബന്ധിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റിപ്പോർട്ടുകൾ നൽകണം.

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അനധികൃത ബോർഡുകൾക്കെതിരെയുള്ള ഒരു കൂട്ടം ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ഹൈക്കോടതിയുടെ നിർദേശപ്രകാരം സമിതികൾക്ക് രൂപം നൽകുന്നുണ്ടെന്നും ഇത് സംബന്ധിച്ച ഉത്തരവുകൾ ആറാഴ്‌ചയ്ക്കകം നൽകുമെന്നും സർക്കാർ അറിയിച്ചു

ഹൈക്കോടതിയുടെ നിർദേശപ്രകാരം സമിതികൾക്ക് രൂപം നൽകുന്നുണ്ടെന്നും ഇത് സംബന്ധിച്ച ഉത്തരവുകൾ ആറാഴ്‌ചയ്ക്കകം നൽകുമെന്നും സർക്കാർ അറിയിച്ചു. ഉത്തരവുകൾ പലതും നിലവിലുണ്ടെങ്കിലും ബോർഡുകളുടെയും ബാനറുകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിശദീകരിച്ചു. തിരുവനന്തപുരത്ത് ഇവയുടെ എണ്ണം കൂടി വരികയാണെന്നും സെക്രട്ടറിയേറ്റ്, പോലീസ് ഹെഡ്‌ക്വാർട്ടേഴ്‌സ് തുടങ്ങിയ പ്രധാന ഓഫീസുകൾക്ക് സമീപത്ത് ധാരാളം ബോർഡുകളും ബാനറുകളും കൊടികളും സ്ഥാപിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

മറ്റ് ശക്തികൾ സംരക്ഷിക്കുമെന്ന ധാരണയിൽ കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാതിരിക്കുന്നവർ സ്വന്തം തൊഴിൽ വച്ചാണ് കളിക്കുന്നതെന്ന് മനസിലാക്കണമെന്നും കോടതി താക്കീത് നൽകി

നടപടികളെടുക്കാൻ കൂടുതൽ സമയം നൽകാമെങ്കിലും അഡീഷണൽ അറ്റോർണി ജനറൽ ആവശ്യപ്പെട്ട അത്രയും സമയം നൽകാനാകില്ല. കോടതിയുടെ ക്ഷമ കുറഞ്ഞ് വരികയാണ്. മറ്റ് ശക്തികൾ സംരക്ഷിക്കുമെന്ന ധാരണയിൽ കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാതിരിക്കുന്നവർ സ്വന്തം തൊഴിൽ വച്ചാണ് കളിക്കുന്നതെന്ന് മനസിലാക്കണമെന്നും കോടതി താക്കീത് നൽകി.

logo
The Fourth
www.thefourthnews.in