മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്താൽ അന്നുതന്നെ ജാമ്യത്തിൽ വിടണമെന്നാണ് ജസ്റ്റിസ് സോഫി തോമസിൻ്റെ ഉത്തരവ്. നിലവിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ അന്വേഷണം പൂർത്തിയായി. ഈ സാഹചര്യത്തിൽ അറസ്റ്റ് ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു. 22 ന് ശേഷം ഏത് ദിവസം വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ തയാറാണെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകനും വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകിയത്. ദുരുദ്ദേശ്യത്തോടെയല്ല ഇടപെട്ടതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൊലീസ് കേസെടുത്തതെന്നുമാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. മകളുടെ വിവാഹം 17ന് ഗുരുവായൂരില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചടങ്ങ് തടസപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് കേസെടുത്തതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.
ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചോദിച്ചതിനെത്തുടര്‍ന്ന് തന്റെ തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ച സുരേഷ് ഗോപിയില്‍നിന്ന് മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറി. എന്നാല്‍ ഇതാവര്‍ത്തിച്ചതോടെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റി.
സംഭവത്തിനുപിന്നാലെ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് ഗോപി സോഷ്യല്‍ മീഡിയിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, സുരേഷ് ഗോപി നടത്തിയത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.