മധു വധക്കേസില്‍ ഹൈക്കോടതി ഇടപെടല്‍; വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം; വീണ്ടും കൂറുമാറ്റം
അട്ടപ്പാടി മധു വധക്കേസില്‍ ഇടപെട്ട് ഹൈക്കോടതി. ഈമാസം 30നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് മണ്ണാര്‍ക്കാട് സെഷന്‍സ് കോടതിയോട് നിര്‍ദേശിച്ചു. എന്നാല്‍, ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള സമയ പരിധിയില്‍ വിചാരണ പുര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പേരുടെ വിസ്താരം നടത്തേണ്ടിവരുമെന്നാണ് സെഷന്‍സ് കോടതിയുടെ വിലയിരുത്തല്‍. ഓരോ ദിവസവും അഞ്ച് സാക്ഷികളെ വച്ച് വിസ്തരിക്കേണ്ടിവരും. ഹൈക്കോടതി നിര്‍ദേശം പാലിക്കുമെന്നുമാണ് സെഷന്‍സ് കോടതി അറിയിച്ചിരിക്കുന്നത്.
പ്രതികള്‍ മധുവിനെ പിടിച്ചുകെട്ടി മുക്കാലിയിലെത്തിക്കുന്നതും മര്‍ദ്ദിക്കുന്നതുമടക്കം നേരില്‍ കണ്ടെന്ന് മൊഴി നല്‍കിയവരാണ് ഇപ്പോള്‍ മാറ്റി മൊഴി നല്‍കിയിരിക്കുന്നത്
അതേസമയം, കേസില്‍ വീണ്ടും സാക്ഷി കൂറുമാറി. 21ാം സാക്ഷി വീരനാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. വിചാരണയ്ക്കിടെ ഇന്നലെ ഇരുപതാം സാക്ഷിയായ മരുതന്‍ എന്ന മയ്യന്‍ കൂറുമാറിയിരുന്നു. മുക്കാലിയിലെ തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരന്‍ ആയിരുന്നു മരുതന്‍. പ്രധാന സാക്ഷികളായി പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയ എട്ടുപേരില്‍ ഏഴു പേരും മധുവിനെ കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി. പോലീസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു രഹസ്യമൊഴി നല്‍കിയതെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്.
പ്രതികള്‍ മധുവിനെ പിടിച്ചുകെട്ടി മുക്കാലിയിലെത്തിക്കുന്നതും മര്‍ദ്ദിക്കുന്നതുമടക്കം നേരില്‍ കണ്ടെന്ന് മൊഴി നല്‍കിയവരാണ് ഇപ്പോള്‍ മാറ്റി മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട 10 മുതല്‍ 17 വരെയുള്ള സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവരാണെന്നതും ശ്രദ്ധേയമാണ്. സാക്ഷികളുടെ തുടര്‍ച്ചയായ കൂറുമാറ്റം കേസിന്റെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് പ്രോസിക്യൂഷന്‍. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബവും പങ്കുവെച്ചിരുന്നു.
സുപ്രധാനമായ സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വിചാരണാ വേളയിലും ഉറച്ചുനില്‍ക്കുന്നത്. മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്നാണ് സുരേഷിന്‍റെ മൊഴി. മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നുവെന്നും, ചവിട്ടേറ്റു മധു തലയടിച്ചു വീഴുന്നത് കണ്ടുവെന്നും സുരേഷ് കോടതിയെ അറിയിച്ചു. പ്രതി ഹുസൈനെ കോടതിയില്‍ സുരേഷ് തിരിച്ചറിയുകയും ചെയ്തു. ഹുസൈനു പുറമേ മൂന്നാം പ്രതി ഷംസുദ്ദീനെയും ഏഴാം പ്രതി സിദ്ദീഖിനെയും മധുവിന്റെ ബന്ധു കൂടിയായ സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. മധു വധക്കേസില്‍ ആകെ 116 പ്രതികളാണുള്ളത്.
മധു വധക്കേസില്‍ കുറുമാറ്റം തുടരുന്നത് വിധി പോലും പ്രതികൂലമാക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
മധു വധക്കേസില്‍ കുറുമാറ്റം തുടരുന്നത് വിധി പോലും പ്രതികൂലമാക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കേസിന്റെ വിചാരണാ നടപടികളില്‍ നിന്ന് പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായി ഹാജരാവാതിരുന്നത് ഉള്‍പ്പെടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേസിന്റെ വിചാരണയുടെ ആദ്യഘട്ടം മുതല്‍ തുടങ്ങിയ കൂറുമാറ്റം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന സി രാജേന്ദ്രന്‍ രാജി വെച്ചത്. കുടുംബത്തിന്റെ ആവശ്യപ്രകാരം പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തു. എന്നാല്‍, അതിനുശേഷവും കൂറുമാറ്റം തുടരുകയായിരുന്നു.
കേസില്‍ കൂറുമാറ്റം പതിവായതോടെ മൊഴിമാറ്റിയ സാക്ഷികള്‍ക്ക് എതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. കൂറുമാറ്റത്തിന് പുറമെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും അട്ടപ്പാടിയില്‍ ജീവിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച പരാതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളുടെ സ്വാധീനമാണ് കൂറുമാറ്റങ്ങള്‍ക്ക് പിന്നില്‍ എന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം. സാക്ഷികള്‍ക്ക് പണം നല്‍കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് മൊഴിമാറ്റിയിരിക്കുന്നത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്ക് പിന്നാലെ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മുക്കാലി സ്വദേശി അബ്ബാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.