'ആഘോഷം വേണ്ട, ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാം'; അരിക്കൊമ്പനെ മാറ്റുന്നതിന് ഹൈക്കോടതി നിര്‍ദേശങ്ങളിങ്ങനെ

'ആഘോഷം വേണ്ട, ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാം'; അരിക്കൊമ്പനെ മാറ്റുന്നതിന് ഹൈക്കോടതി നിര്‍ദേശങ്ങളിങ്ങനെ

അരിക്കൊമ്പനെ കൊണ്ടുപോകുന്ന വഴിയിൽ ചെണ്ട കൊട്ടാനോ പടക്കം പൊട്ടിക്കാനോ പാടില്ല; ഹൈക്കോടതി
Updated on
1 min read

ചിന്നക്കനാലിലെ ജനങ്ങളെ ഭീതിലാഴ്ത്തിയ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. പ്രദേശവാസികളുടെ അഭിപ്രായവും ആശങ്കകളും രേഖപ്പെടുത്തിയ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോ‍ർട്ട് പരിഗണിച്ചാണ് നടപടി. പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്നതിന് മേൽനോട്ടം വഹിക്കാൻ ഇടുക്കി , എറണാകുളം, തൃശൂ‍ർ ജില്ലാ കലക്ടർമാർക്ക് കോടതി നിർദേശം നൽകി. അരികൊമ്പനെ കാട്ടിൽ വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നത്തിനും പ്രചരിപ്പിക്കുന്നത്തിനും കോടതി വിലക്കേർപ്പെടുത്തി. കൂടാതെ കൊണ്ടുപോകുന്ന വഴിയിൽ ചെണ്ട കൊട്ടാനോ പടക്കം പൊട്ടിക്കാനോ പാടില്ലെന്നും കർശനനിർദേശം. ആഘോഷങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടത്തിന് നിരോധനാജ്ഞ പ്രഖ്യപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുമ്പോഴുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും കോടതി മുന്നറിയിപ്പ് നൽകി. ആനയെ മയക്കുവെടിവെച്ച് പിടികൂടി ജിപിഎസ് സംവിധാനമുളള റേഡിയോ കോളർ ധരിപ്പിക്കണം.പോകുന്ന വഴിയിൽ പൊലീസിനെ വിന്യസിക്കണമെന്നും എസ്‌കോർട്ട് നൽകണമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പനെ മാറ്റുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുവാൻ ആവശ്യപ്പെട്ടാൽ നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതിന്റെ സമ്പൂർണ്ണ മേൽനോട്ടം കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ്ആർഎസ് അരുൺ, പ്രൊജക്‌ട് ടൈഗർ സിസിഎഫ് പിപി പ്രമോദ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവർ വഹിക്കണമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരത്ത് ബ്രൂണോ എന്ന നായയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ് അരിക്കൊമ്പന്‍ വിഷയവും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

അതേസമയം അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഈസ്റ്റർ അവധിക്കുശേഷം നടപ്പിലാക്കാനാണ് സാധ്യത. റേഡിയോ കോളർ ഘടിപ്പിച്ച് അരികൊമ്പനെ വിടണമെന്ന കോടതി നിർദേശം നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായേക്കും. കാരണം ആധുനിക സംവിധാനമുള്ള റേഡിയോ കോളർ വനംവകുപ്പിന്റെ കൈവശമില്ല. ജിപിഎസ് സാറ്റ്‌ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പന് വേണ്ടത്. പറമ്പിക്കുളത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തതിനാല്‍ സാധാരണ കോളര്‍ ഉപയോഗിക്കുന്നത് അസാധ്യമാണ്. അതിനാൽ അസമിൽ നിന്ന് റേഡിയോ കോളർ കേരളത്തിൽ എത്തിക്കാനാണ് നീക്കം.

അതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ എതിർപ്പ് ശക്തമാകുന്നു. നേരത്തേ നെന്മാറ എംഎൽഎ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇപ്പോൾ കർഷക സംരക്ഷണ സമിതി വനം വകുപ്പ് ഈ നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന ആവശ്യവുമായി രംഗത്തെത്തി. പറമ്പിക്കുളത്ത് 11 ൽ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കർഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. അരിക്കൊമ്പനെന്ന ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം തകർക്കും. കഴിഞ്ഞ ഒരു വർഷത്തോളമായി പറമ്പിക്കുളത്തു നിന്നും ഇറങ്ങി വന്ന 27 ആനകളുടെ നിരന്തരമായ ആക്രമണങ്ങൾ മൂലം 40 ലക്ഷത്തിലധികം കാർഷിക വിളകൾ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ നാശനഷ്ടമുണ്ടായതായും കർഷകർ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in