സുപ്രീംകോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം, ദേവികുളം വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

സുപ്രീംകോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം, ദേവികുളം വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

ഈ കാലയളവില്‍ എം എല്‍ എ എന്ന നിലയില്‍ എ രാജ യാതൊരുവിധ പ്രതിഫലവും വാങ്ങാന്‍ പാടില്ല
Updated on
1 min read

ദേവികുളം നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച സി പി എമ്മിലെ എ രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് താൽക്കാലിക സ്റ്റേ. സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ സാവകാശം തേടി എ രാജ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. പത്ത് ദിവസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ഈ കാലയളവിൽ എം എൽ എ എന്ന നിലയിൽ എ രാജ യാതൊരു പ്രതിഫലവും വാങ്ങാൻ പാടില്ലെന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് ജസ്റ്റിസ് പി സോമരാജൻ കഴിഞ്ഞ ദിവസത്തെ ഉത്തരവിന് സ്റ്റേ അനുവദിച്ചത്.

സുപ്രീംകോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം, ദേവികുളം വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ
'രാജയ്ക്ക് അർഹതയില്ല'; ദേവികുളം തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി, നടപടി യുഡിഎഫ് സ്ഥാനാർഥിയുടെ ഹർജിയിൽ

ജനപ്രാതിനിധ്യ നിയമ പ്രകാരം പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്ത മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള യോഗ്യതയില്ലാതിരിക്കെയാണ് അഡ്വ.എ രാജയുടെ വിജയമെന്ന് വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത് . വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാർ നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.

ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. രാജയുടെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളുമെല്ലാം ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്. 2016 ൽ അമ്മയുടെ ശവസംസ്‌കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവെച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മത്സരിക്കുകയായിരുന്നുവെന്നാണ് ആരോപണം.

താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് എ. രാജ സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ചത്. എന്നാൽ രാജ വളരെ മുമ്പു തന്നെ ക്രിസ്‌തുമതത്തിലക്ക് മാറിയതാണെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തി ജനപ്രാതിനിധ്യ നിയമപ്രകാരം ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയായിരുന്നു.

സുപ്രീംകോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം, ദേവികുളം വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ
ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കല്‍; സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം, എ രാജ അപ്പീല്‍ നല്‍കും

അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ജാതി സംബന്ധിച്ച കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. നേരത്തെയുണ്ടായ സമാന കേസുകളുടെ നിയമ നടപടികള്‍ കൂടി കണക്കിലെടുത്തായിരുന്നു സിപിഎമ്മിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in