മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗ ആരോപണം: ലോകായുക്തയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ വിശദമായി വാദം കേട്ടശേഷം കേസ് മൂന്നംഗ ഫുൾബെഞ്ചിന് വിട്ട ലോകായുക്തയുടെ വിധി ശരിവച്ച് ഹൈക്കോടതി. ലോകായുക്തയുടെ വിധിക്കെതിരെ പരാതിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ആർ എസ് ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി.
ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്ക് പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിലെ മന്ത്രിമാർക്കുമെതിരെയാണ് ഹർജിക്കാരൻ ലോകായുക്തയിൽ പരാതി നൽകിയത്. പരാതി ഫുൾബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി.
ഈ പരാതി ലോകായുക്തക്ക് പരിഗണിക്കാനാവുമോയെന്ന തർക്കം ആദ്യഘട്ടത്തിൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ച്, വാദം കേൾക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് വാദം കേട്ട് 2022 മാർച്ച് 18ന് വിധി പറയാൻ മാറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞ് 2023 മാർച്ച് 31ന് ഫുൾബെഞ്ചിനു വിടാനായിരുന്നു തീരുമാനം. ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി.