'കോടതി വിളക്കില്‍ ജഡ്ജിമാർ വേണ്ട'; മതേതര സങ്കല്‍പ്പത്തിന് എതിരെന്ന് ഹൈക്കോടതി
ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ വേണ്ടെന്നു ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ തൃശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ ചടങ്ങില്‍ പങ്കാളികളാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. 'കോടതി വിളക്ക്' എന്ന പ്രയോഗവും ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ചൂണ്ടിക്കാട്ടി തൃശൂർ ജില്ലാ ജഡ്ജിക്ക് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ കത്തയച്ചു. നവംബർ ആറിനാണ് ഈ വർഷത്തെ കോടതി വിളക്ക്.
ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് ജഡ്ജിമാരും അഭിഭാഷകരും ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതിയുടെ മതേതര സങ്കല്‍പ്പത്തിനെതിരാണെന്നുമാണ് നിരീക്ഷണം. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ ഇത് അംഗീകരിക്കാനാകില്ല. ഇതര മതസ്ഥർക്ക് നിർബന്ധിതമായി ചടങ്ങില്‍ സഹകരിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹൈക്കോതി ചൂണ്ടിക്കാട്ടുന്നു.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് കോടതി വിളക്ക് എന്ന ചടങ്ങ് ക്ഷേത്രത്തില്‍ നടക്കുന്നത്. ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാർ അസോസിയേഷന്‍ ചടങ്ങ് ഏറ്റെടുത്തു.