കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി

ശബരിമല: 'വെർച്വല്‍ ക്യൂവിനൊപ്പം ബസ് ടിക്കറ്റ് കൊടുത്തുകൂടെ'? സർക്കാരിനോട് ഹൈക്കോടതി

പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉറപ്പുവരുത്തണം
Updated on
1 min read

ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ പ്ലാറ്റ് ഫോമില്‍ നിലയ്ക്കലിലേക്കും പമ്പയിലേക്കും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കൂടി ഏർപ്പെടുത്താനാകുമോ എന്നതില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പമ്പ-നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രയുടെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ഒരു തീർത്ഥാടകന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിച്ചാണ് നടപടി. ദർശനത്തിന് ശേഷം തിരികെയെത്തുമ്പോള്‍ ബസിൽ കയറുന്നതിനുള്ള ബുദ്ധിമുട്ടാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പമ്പയില്‍ ബസില്‍ കയറുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറുമടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു.  

സ്പെഷ്യല്‍ കമ്മീഷണർ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണം

പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ്. സ്പെഷ്യല്‍ കമ്മീഷണർ തിങ്കളാഴ്ച റിപ്പോർട്ടും സമർപ്പിക്കണം.

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ കയറാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണം. ഇവരെ ബസിന്റെ മുന്‍ വാതിലിലൂടെ ആദ്യം കയറാന്‍ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിന്‍വാതില്‍ വഴി കയറ്റാവൂ. അനധികൃത പാർക്കിങ് ഒരു കാരണവശാലും അനുവദിക്കരുത്.  ഡോളി ചുമക്കുന്നവർക്ക് മതിയായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടോ എന്ന് അറിയിക്കാനും കോടതി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in