ശബരിമലയിലെ തീര്‍ത്ഥാടകരുടെ തിരക്ക്; നിയന്ത്രണത്തിന് നിര്‍ദേശങ്ങളുമായി ഹൈക്കോടതി
മണ്ഡല മകരവിളക്ക് കാലത്തെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. മണ്ഡല - മകരവിളക്ക് കാലത്ത് അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ തന്ത്രിയുമായി കൂടിയാലോചിച്ച് ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ തിരക്കു നിയന്ത്രണ നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എന്നിവര്‍ നിരീക്ഷിക്കണം. തീര്‍ത്ഥാടകരുടെ നിയന്ത്രണം പൊതുഅറിയിപ്പായി നല്‍കണം, മതിയായ കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തണം, വേണ്ടത്ര ബസുകള്‍ നിലയ്ക്കലിലും പമ്പയിലുമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയത്.
കഴിഞ്ഞ ദിവസം ശബരിമലയിലെ യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട് ചില നിര്‍ണായകമായ നിര്‍ദേശങ്ങള്‍ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരുന്നു. പമ്പ-നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രയുടെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ഒരു തീര്‍ത്ഥാടകന്റെ അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിഷയം സ്വമേധയാ പരിഗണിച്ചത്.
പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പമ്പയില്‍ ബസില്‍ കയറുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറുമടങ്ങിയ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.