കലോത്സവ സ്റ്റേജുകൾ മത്സരാർഥികൾക്ക്  സുരക്ഷിതമാക്കണമെന്ന് ഹൈക്കോടതി

കലോത്സവ സ്റ്റേജുകൾ മത്സരാർഥികൾക്ക് സുരക്ഷിതമാക്കണമെന്ന് ഹൈക്കോടതി

സ്റ്റേജിൽ സേഫ്റ്റി പിൻ അടക്കമുള്ളവ മത്സരാർഥികൾക്ക് തടസമുണ്ടാക്കുന്നതായി നിരവധി പരാതികൾ ഹൈക്കോടതിയില്‍ എത്തിയതിനെ തുടർന്നാണ് നിർദേശം
Updated on
1 min read

സംസ്ഥാന കലോത്സവത്തിലെ സ്റ്റേജുകൾ മത്സരാർഥികൾക്ക് സുരക്ഷിതമാക്കണമെന്ന് ഹൈക്കോടതി. സ്റ്റേജിൽ സേഫ്റ്റി പിൻ അടക്കമുള്ളവ മത്സരാർർഥികൾക്ക് തടസമുണ്ടാക്കുന്നതായി നിരവധി പരാതികൾ ഹൈക്കോടതിയില്‍ എത്തിയതിനെ തുടർന്നാണ് നിർദേശം. ജില്ലാ കലോത്സവങ്ങളിൽ ഇത്തരത്തിൽ നിരവധി പരാതികളുണ്ടായി. ആദ്യം പങ്കെടുത്തവരുടെ ആഭരണങ്ങളോ സേഫ്റ്റി പിന്നുകളോ തുണി കഷ്ണങ്ങളോ സ്റ്റേജിൽ വീണ് കിടക്കും. അവ നീക്കം ചെയ്യാത്തത് പിന്നീട് മത്സരിക്കുന്നവർക്ക് തടങ്ങളുണ്ടാക്കുകയും തുടർന്ന് അവർക്ക് മത്സരത്തിൽ പങ്കെടുക്കാനാവാതെ വരികയും ചെയ്യുന്നു.

ഇത്തരത്തിൽ മത്സരാർഥികൾ പിൻതള്ളിപോകുന്ന സാഹചര്യമുണ്ടാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനാൽ സ്റ്റേജ് മാനേജർമാർ സ്റ്റേജിലെ തടസങ്ങൾ ഒഴിവാക്കിയെന്ന് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത തിരുവനന്തപുരം സ്വദേശിനിയായ കൃഷ്ണപ്രിയയെന്ന വിദ്യാർഥിനിയുടെ ഹർജിയിലാണ് കോടതി നിർദേശം.

ഹർജിക്കാരിയായ വിദ്യാർഥനി ഗ്രൂപ്പ് ഡാൻസിനാണ് പങ്കെടുത്തത്. ജില്ലാ കലോത്സവത്തിൽ പങ്കെടുത്തപ്പോൾ സ്റ്റേജിൽ കിടന്ന തുണിയുടെ കഷണം ഡാൻസിനിടെ കാലിൽ ചുറ്റി. ആദ്യം മത്സരിച്ചവരിൽ നിന്നും സ്റ്റേജിൽ വീണുപോയതാണിത്. കാലിൽ തുണി കുരുങ്ങിയതോടെ ഉദ്ദേശിച്ച രീതിയിൽ മത്സരിക്കാനായില്ല. ഇത് ചൂണ്ടികാട്ടി അപ്പീൽ അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും തള്ളി. തുടർന്നാണ് മത്സരത്തിന്‍റെ ദ്യശ്യങ്ങളുമായി വിദ്യാർഥിനി കോടതിയെ സമീപിച്ചത്. കോടതിയ്ക്ക് ഇത് ബോധ്യപെടുകയും ചെയ്തു. തുടർന്ന് ഹർജിക്കാരിയുടെ അപ്പീൽ ഉടൻ വീണ്ടും കമ്മിറ്റി പരിഗണിക്കാൻ കോടതി നിർദേശം നൽകി. സേഫ്റ്റി പിന്നുകൾ കാലിൽ തറച്ചതടക്കമുള്ള നിരവധി മത്സരാർഥികളുടെ പരാതികൾ കോടതിക്ക് മുന്നിലെത്തിയ കാര്യവും കോടതി സൂചിപ്പിച്ചു.

logo
The Fourth
www.thefourthnews.in