പ്രിയാ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണം; ഡോ.ജോസഫ് സ്‌കറിയയുടെ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി
വിവാദമായ കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമന റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന്ചൂണ്ടിക്കാട്ടി പട്ടികയിലെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്‌ക്കറിയ നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രിയാ വര്‍ഗീസിന്റെ യോഗ്യതകളും സര്‍വകലശാല പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ല. യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ല. പിഎച്ച്ഡി കാലയളവിനെ അധ്യാപന പരിചയമായി കണക്കാകാനാകില്ല എന്നിങ്ങനെയുള്ള വിലയിരുത്തലുകളും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
യുജിസി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവണം നിയമനം എന്ന വിലയിരുത്തലില്‍ ഊന്നിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയത്. പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ആ കാലയളവ് പൂര്‍ണമായും ഗവേഷണത്തിന് വിനിയോഗിച്ചെന്ന് പ്രിയ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ഡെപ്യൂട്ടേഷന്‍ കാലഘട്ടമാണ്. സമയത്ത് അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ട്. ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി പിഎച്ച്ഡി ചെയ്ത കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാവില്ലെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചട്ടങ്ങള്‍ക്കും മുകളിലാണ് യുജിസി മാനദണ്ഡങ്ങളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നു.
ചങ്ങനാശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകനാണ് ജോസഫ് സ്‌കറിയ. കണ്ണൂര്‍ സര്‍വകലാശാല വിസി, പ്രിയാ വര്‍ഗീസ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.