സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണവും കറന്‍സിയും കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ ഇ ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.
അടിസ്ഥാന രഹിതമായ ആരോപണമാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നതെന്നും തെളിവുകൾ ഹാജരാക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റംസും ഇ ഡിയും കേസിൽ ക്യത്യമായ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിൽ, ഏതെങ്കിലും വ്യക്തിക്ക് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായാൽ നടപടിയുണ്ടാകും. നിങ്ങളെത്ര ഉന്നതനായാലും നിയമമാണ് നിങ്ങൾക്ക് മുകളിലെന്നും ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ കസ്റ്റംസും ഇ ഡിയും വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ഹർജിക്കാരൻ
'മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും പലതവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ ഡിയും വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ല' - അജി കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.
ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് എച്ച് ആര്‍ ഡി എസില്‍ ജോലി ലഭിച്ചിരുന്നെന്നും ഈ സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവെച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും എ ജി വ്യക്തമാക്കിയിരുന്നു.