ഇലന്തൂർ നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, കുറ്റപത്രം ഉടൻ സമർപ്പിക്കും
ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ഇലന്തൂർ കാരംവേലി സ്വദേശി ലൈല ഭഗവൽ സിങിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി തള്ളിയത്. തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണെന്നും താൻ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നുമായിരുന്നു ലൈല ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. ഹർജിക്കാരിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തത് ഇവരാണ്. അടുക്കളയിലെ പാത്രങ്ങളിൽ പോലും രക്തക്കറയുണ്ടായിരുന്നു.
കേസിൻ്റെ ആദ്യകുറ്റപത്രം അന്വേഷണ സംഘം തയാറാക്കി ഉടൻ കോടതിയിൽ സമർപ്പിക്കും
ഇതിന് ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ട്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തുന്ന പത്മ എന്നിവരെ ഒന്നാം പ്രതിയായ ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്തു സംസ്കരിച്ചെന്നാണ് കേസ്. കേസിൻ്റെ ആദ്യകുറ്റപത്രം അന്വേഷണ സംഘം തയാറാക്കി ഉടൻ കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായിരിക്കുന്നത്.
പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികൾ
കേസിൽ ഷാഫിയാണ് ഒന്നാംപ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികൾ. കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ 150 പേരാണ് സാക്ഷിപട്ടികയിലുള്ളത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യത്തെളിവുകളുടേയും പിൻബലത്തിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത്.