ഉണ്ണി മുകുന്ദന് തിരിച്ചടി ; പീഡനശ്രമക്കേസിലെ സ്റ്റേ നീക്കി ഹൈക്കോടതി
ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിലെ സ്റ്റേ നീക്കി ഹൈക്കോടതി . കേസ് ഒത്തുതീർപ്പാക്കാൻ ധാരണ ഒപ്പിട്ട് നൽകിയിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. പരാതിക്കാരി ഒപ്പിട്ട് നൽകിയെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയിൽ നൽകിയ രേഖ വ്യാജമാണെന്നും കണ്ടെത്തി . ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന് ആരോപണമുയർന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണിക്ക് വേണ്ടി വ്യാജരേഖയുണ്ടാക്കിയത്
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് വ്യാജ രേഖ പരാതിക്കാരി തിരിച്ചറിഞ്ഞത്. ഇതോടെ 2019 ൽ അനുവദിച്ച സ്റ്റേ ഹൈക്കോടതി റദ്ദാക്കി . സംഭവം ഗൗരവതരമാണെന്ന് പറഞ്ഞ കോടതി വ്യാജ രേഖ ചമയ്ക്കൽ ,കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായോയെന്ന സംശയവും പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നടന് ഹൈക്കോടതി നിർദേശവും നൽകിയിട്ടുണ്ട്
കേസിൽ നിന്നും ഒഴിവാക്കണമെന്ന നടന്റെ ആവശ്യം നേരത്തെ മജിസ്ടേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇന്ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോൾ സൈബി ജോസിന് പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്