ജഡ്ജിമാരുടെ പേരിൽ കോഴ:ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ
അഡ്വ സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചതിന് പിന്നാലെ അന്വേഷണമാവശ്യപ്പെട്ട് കേസിലെ പരാതിക്കാർ. സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. ഹൈക്കോടതി രജിസ്ട്രിയിൽ നിയമലംഘനം നടന്നുവെന്നാണ് ആക്ഷേപം. പ്രോസിക്യൂട്ടർമാർ ഒത്തുകളിച്ചുവെന്നും ആരോപണമുന്നയിക്കുന്നുണ്ട്.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിൻ്റെ പട്ടിക മറികടന്ന് മറ്റൊരു ബഞ്ച് മുൻകൂർ ജാമ്യ ഹർജി കേട്ടത് സംശയകരമാണ്. നിയമപ്രകാരം അപ്പീലായി മാത്രം ഫയൽ ചെയ്യേണ്ട ജാമ്യ ഹർജി നേരെ വാദത്തിനെടുത്തതിലും ദുരൂഹതയുണ്ട് ഉദ്യോഗസ്ഥരും ജാമ്യമാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.
റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗ്ഗീസ് എന്നിവർ അഡ്വ സൈബി ജോസ് കിടങ്ങൂർ മുഖേന നൽകിയ ഹർജിയിൽ 2022 ഏപ്രിൽ 29 നു മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവാണ് സിംഗിൾബെഞ്ച് തിരിച്ചു വിളിച്ചിട്ടുള്ളത്. 2021 ഒക്ടോബർ 21ന് പ്രതികൾ പത്തനംതിട്ട പ്ലാച്ചേരി സ്വദേശി ടി ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹർജി നൽകി. എന്നാൽ പരാതിക്കാരനായ ബാബുവിനെ കക്ഷി ചേർത്തിരുന്നില്ല.
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇത്തരം ഹർജികളിൽ പരാതിക്കാരനു നോട്ടീസ് നൽകി കേൾക്കേണ്ടതുണ്ട്. തുടർന്ന് ബാബുവിനെ കക്ഷി ചേർക്കാനും നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു. റാന്നി പൊലീസ് നോട്ടീസ് നൽകിയശേഷം ഹർജി പരിഗണിക്കാനും മാറ്റി. തുടർന്ന് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഹർജി 2022 മേയ് 20 നു പരിഗണിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഹർജി 2022 ഏപ്രിൽ 29 നു പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹർജി തീർപ്പാക്കി. തനിക്കു നോട്ടീസ് നൽകാതെയും വാദം കേൾക്കാതെയും നൽകിയ ഉത്തരവു അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് ഇപ്പോൾ തിരിച്ചു വിളിച്ചത്.