സഹകരണ ബാങ്കുകള്‍ കോടീശ്വന്‍മാര്‍ക്ക് വേണ്ടിയല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്ന് ഹൈക്കോടതി

സഹകരണ ബാങ്കുകള്‍ കോടീശ്വന്‍മാര്‍ക്ക് വേണ്ടിയല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്ന് ഹൈക്കോടതി

വായ്പാതട്ടിപ്പ് കേസില്‍ സ്വത്തുകള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതുചോദ്യം ചെയ്ത് പ്രതി അലിസാബ്രി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം
Updated on
1 min read

കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്, സഹകരണ ബാങ്കുകളില്‍ കണ്ടുവരുന്ന കുഴപ്പങ്ങളുടെ പാഠപുസ്തമാണെന്ന് പ്രഥമദ്യഷ്ടാ വ്യക്തമെന്ന് ഹൈക്കോടതി. സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്. കോടീശ്വന്മാര്‍ക്ക് വേണ്ടിയല്ല അവയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ കേസിലെ അന്വേഷണം അനന്തമായി നീളാനാകില്ല. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഉയരുന്നുണ്ട്. സഹകരണ സംഘങ്ങളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വായ്പാതട്ടിപ്പ് കേസില്‍ സ്വത്തുകള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തത് ചോദ്യം ചെയ്ത് പ്രതി അലിസാബ്രി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെനിരീക്ഷണം.

ഹര്‍ജിക്കാരന്‍ അഞ്ചരക്കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് പറയുന്നത്. എന്നാല്‍ വായ്പയെടുത്ത തുക 2015ല്‍ തിരിച്ചടച്ചതാണെന്ന് അലിസാബ്രി പറയുന്നു. ഈട് നല്‍കിയ രേഖകള്‍ ദുരുപയോഗം ചെയ്ത ബാങ്ക് അധികൃതര്‍, തന്റെ പേരില്‍ മറ്റു പലര്‍ക്കും വായ്പ നല്‍കിയതാണ് വിഷയമായതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

സഹകരണ ബാങ്കുകള്‍ കോടീശ്വന്‍മാര്‍ക്ക് വേണ്ടിയല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്ന് ഹൈക്കോടതി
കരുവന്നൂര്‍ ബാങ്ക്: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍, അനധികൃത വായ്പയ്ക്ക് പി രാജീവ് സമ്മര്‍ദം ചെലുത്തിയെന്ന് ഇഡി

അന്വേഷണം നീണ്ടുപോകുന്നത് പണം നഷ്ടപ്പെട്ട് നെട്ടോട്ടമോടുന്ന നിക്ഷേപകര്‍ക്ക് അന്വേഷണത്തില്‍ വിശ്വാസമില്ലാതാക്കും. 2021ല്‍ തുടങ്ങിയ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും തുടരുകയാണ്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൂര്‍ത്തിയാക്കാന്‍വേണ്ട സമയം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിയമ വിരുദ്ധ വായ്പകള്‍ നല്‍കാന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് മന്ത്രി പി രാജീവ് സമ്മര്‍ദം ചെലുത്തിയെന് ഇഡി ഹൈക്കോടതിയെ അറിയിച്ചത് ഈ ഹര്‍ജിയിലാണ്. കളളപ്പണ ഇടപാടും വ്യാജ ലോണുകളും സ്വര്‍ണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്രിമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂര്‍ണ മേല്‍നോട്ടത്തിലാണ് ഇതൊക്കെ നടന്നത്.

സിപിഎമ്മിന്റെ കോടികളുടെ ഇടപാടുകള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. വിവിധ ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോണ്‍ഫറന്‍സ് സുവനീര്‍ അക്കൗണ്ട്, ബില്‍ഡിങ് ഫണ്ട് എന്നൊക്കെ പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയത്.

സിപിഎം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്‌സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകള്‍ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ടന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in