ജീവനക്കാർ ഇങ്ങനെ പെരുമാറിയാല്‍ കെഎസ്ആർടിസിയെ എങ്ങനെ യാത്രക്കാർ ആശ്രയിക്കും: ഹൈക്കോടതി
ജീവനക്കാർ ഇങ്ങനെ പെരുമാറിയാല്‍ യാത്രക്കാരോട് എങ്ങനെ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുമെന്നും ഹൈക്കോടതി. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ചോദ്യം. ജീവനക്കാരുടെ പ്രവർത്തി ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും കെഎസ്ആര്‍ടിസിയോട് കോടതി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. കണ്‍സഷന്‍ പുതുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ മകളുടെ മുന്നില്‍വെച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.
സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്. ജീവനക്കാരുടെ പ്രവർത്തിയെ നീതീകരിക്കുന്നില്ല. അതീവമായി ഖേദിക്കുന്നു. ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നമെന്ന് ഏവരും മനസ്സിലാക്കണം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കുകയോ, വച്ചുപൊറുപ്പിക്കുകയോ ചെയ്യില്ലെന്നും എഫ്ബി കുറിപ്പില്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു.