ഹോസ്റ്റലുകളില്‍ പുരുഷമേധാവിത്വ സമീപനം പാടില്ല; സമൂഹം മാറേണ്ടതുണ്ട്: ഹൈക്കോടതി

ഹോസ്റ്റലുകളില്‍ പുരുഷമേധാവിത്വ സമീപനം പാടില്ല; സമൂഹം മാറേണ്ടതുണ്ട്: ഹൈക്കോടതി

ക്യാമ്പസിന് പുറത്ത് പോകണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി തേടണം
Updated on
2 min read

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഹോസ്റ്റലുകളില്‍ വിവേചനം പാടില്ലെന്ന് ഹൈക്കോടതി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30ന് ശേഷം ഹോസ്റ്റലില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവിലുള്ളത്. വാര്‍ഡന്റേയോ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുടെയോ അനുവാദത്തോടെ 9.30ന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലിന് പുറത്ത് ക്യാമ്പസില്‍ പോകാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ക്യാമ്പസിന് പുറത്ത് പോകണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി തേടണം .

വിദ്യാര്‍ത്ഥികളെ പൂട്ടിയിടാനാവില്ല. അവര്‍ക്ക് സംരക്ഷണമൊരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ഹോസ്റ്റലുകളില്‍ പുരുഷമേധാവിത്വ സമീപനം പാടില്ല. സമൂഹം മാറേണ്ടതുണ്ട്. ഹോസ്റ്റലുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥികളെ പൂട്ടിയിടാനാവില്ല. അവര്‍ക്ക് സംരക്ഷണമൊരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം സമൂഹം കാണിക്കാത്തതിനാലാണ് പെണ്‍കുട്ടികള്‍ കോടതിയിലെത്തിയത്. ഇത്തരമൊരു ഹര്‍ജിയുമായെത്തിയ വിദ്യാര്‍ത്ഥിനികള്‍ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്നും അഭിനന്ദനം അര്‍ഹിക്കുന്നവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഭാവി തലമുറയിലെ കുട്ടികളാണ്. സമൂഹവുമായി ഭാവിയില്‍ ഇടപഴകേണ്ടവരാണ്. നിലവിലെ സാഹചര്യത്തില്‍ വലിയ വിവേചനം ഇവിടെ നിലനില്‍ക്കുന്നുണ്ടന്നും കോടതി വ്യക്തമാക്കി.

ഒരു പക്ഷേ ആണ്‍കുട്ടികളേക്കാള്‍ അത്തരം അവകാശം കൂടുതലും പെണ്‍കുട്ടികള്‍ക്കാണ്

എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മിഷന്‍ കോടതിയെ അറിയിച്ചു. രാത്രി സമയ നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഭരണഘടനാപരമായ അവകാശം പൗരന്മാര്‍ക്ക് ഉറപ്പു വരുത്തുക എന്നതാണ് കോടതിയുടെ ഉത്തരവാദിത്തം. ഭരണഘടനാപരമായ അവകാശം പെണ്‍കുട്ടികള്‍ക്ക് ഉണ്ട്..ഹോസ്റ്റൽ സമയ വിഷയവുമായി ബന്ധപ്പെട്ടാണ് വിവേചനപരമായ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടി കുട്ടികള്‍ക്ക് മേല്‍ചുമത്താനാകില്ലന്നും കേസ് വാദം കേള്‍ക്കവേ ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു.

ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് സ്വയം നിയന്ത്രണം വേണം

എന്നാല്‍ ഹോസ്റ്റലുകള്‍ ജയിലുകളല്ലെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തേണ്ട ചില സാഹചര്യങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. നിയന്ത്രണങ്ങള്‍ യുക്തിപരമാണോയെന്നതാണ് പ്രശ്‌നമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്താക്കി. ചില വീടുകളില്‍ ഹോസ്റ്റലിലേതിനേക്കാൾ നിയന്ത്രണങ്ങൾ ഉണ്ടാവാറുണ്ട്. ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് സ്വയം നിയന്ത്രണം വേണം. അതോടൊപ്പം മാതാപിതാക്കളുടെ പിന്തുണയും വേണം. കുട്ടികള്‍ എന്തങ്കിലും പ്രശ്‌നത്തിലായാല്‍ ഓടിയെത്തുക മാതാപിതാക്കള്‍ക്കരികിലേക്കാണെന്ന് മറക്കരുതെന്നും കോടതി

ഓർമ്മിപ്പിച്ചു.

രാത്രിയില്‍ ഹോസ്റ്റലില്‍ പുറത്ത് നിന്നുള്ളവര്‍ പ്രവേശിക്കുന്നു. കുട്ടികള്‍ അവിടെ സുരക്ഷിതരാകുന്നില്ല. അത് നമ്മുടെ സിസ്റ്റം പരാജയപ്പെടുന്നതുകൊണ്ടാണെന്നും കോടതി ചൂണ്ടികാട്ടി. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് വളരെ സുരക്ഷിതമാണ്. അവിടെ നിയന്ത്രണമില്ലെന്നും തൊട്ടടുത്ത് ബസ്റ്റാന്റ് വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാന്പസിനുള്ളില്‍ പരീക്ഷ കാലയളവില്‍ പോലും സ്വതന്ത്രമായി നടക്കാനാവാത്തതാണ് നിയന്ത്രണമെന്നും ഹരജിക്കാര്‍ അറിയിച്ചു.

നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും മോറല്‍ പോലീസ് കളിക്കുകയാണ്. പെണ്‍കുട്ടികളുടെ വസ്ത്രധാരണം മുതല്‍ മറൈന്‍ ഡ്രൈവില്‍ അവർ ഇരുന്നാല്‍ വരെ ഇത്തരക്കാരെത്തുമെന്നും ആണ്‍കുട്ടികള്‍ക്ക് ഈ പ്രശ്‌നമില്ലെന്നും കോടതി സൂചിപ്പിച്ചു.

രാത്രി 9.30ന് മുന്‍പ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹോസ്റ്റലില്‍ കയറണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്

നമ്മുടെ നിരത്തുകളും പൊതു ഇടങ്ങളും സുരക്ഷിതമാകേണ്ടതുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. രാത്രി 9.30ന് മുന്‍പ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹോസ്റ്റലില്‍ കയറണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. ഹര്‍ജി പരിഗണിക്കവെ ഹോസ്റ്റല്‍ സമയ നിയന്ത്രണത്തിലെ ലിംഗവിവേചനത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിവാദ ഉത്തരവ് മാറ്റി പുതിയ ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഹരജി തീർപ്പാക്കി.

logo
The Fourth
www.thefourthnews.in