വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ ഒരുക്കിയില്ല; അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
മതിയായ സുരക്ഷ ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. തുറമുഖ നിർമാണത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്ന കോടതി ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പ് ഹർജിയിൽ ആരോപിക്കുന്നത് . ഇതിന് വിശദീകരണം നല്‍കാന്‍ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഒരുക്കാനും നിര്‍ദേശിച്ച് കൊണ്ടായിരുന്നു സെപ്റ്റംബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവ് . സമരത്തെ തുടർന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹര്‍ജികളിലായിരുന്നു ജസ്റ്റിസ് അനു ശിവറാമിന്റെ ഉത്തരവ്. സമരം സമാധാനപരമായി തുടരാം എന്നാല്‍ തുറമുഖ നിർമാണ പ്രദേശത്ത് സമരക്കാർ അതിക്രമിച്ച് കടക്കരുത്. പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും, നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.