കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐ ക്ക് വിടണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇടപെടല്‍. കേസില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് വിശദീകരണം തേടിയത്. സിബിഐക്ക് നോട്ടീസയക്കാനും കോടതി നിര്‍ദേശം നല്‍കി. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ബഷീറിന്റെ സഹോദരന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഓണാവധിക്കു ശേഷം പരിഗണിക്കും.
പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്ന തരത്തിലാണ് പ്രോസിക്യൂഷന്‍ ഇടപ്പെടുന്നതെന്ന് ബഷീറിന്റെ സഹോദരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കെ എം ബഷീറിനും പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും പരസ്പരം അറിയാമായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഹര്‍ജിയിലുണ്ട്
രണ്ടാം പ്രതിയായ വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുളള തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നു. കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം വെച്ച് സംശയകരമായ സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും ബഷീര്‍ കണ്ടു. ബഷീര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇക്കാര്യം തിരിച്ചറിഞ്ഞ ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിന്റെ മൊബൈല്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് സാധിക്കാതിരുന്ന ശ്രീറാമിന് ബഷീറിനോട് വൈരാഗ്യം ഉണ്ടായിരുന്നു. ബഷീറിന് രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കാണാതെ പോയ മൊബൈല്‍ കണ്ടെടുക്കുന്ന കാര്യത്തില്‍ പോലീസ് കാണിക്കുന്ന വീഴ്ച പ്രതിയെ സഹായിക്കാനാണ് എന്നതിന് തെളിവാണെന്നും സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
2019 ആഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അപകടം നടന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കേസിലെ വിചാരണാ നടപടികള്‍ നീണ്ടു പോകുന്ന സാഹചര്യത്തിലായിരുന്നു ബഷീറിന്റെ കുടുംബം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.