ഉത്തരവ് ലംഘിച്ച് നവകേരള സദസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
സ്‌റ്റേ നിലനില്‍ക്കെ നവകേരള സദസിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫ് നല്‍കിയ ഉപഹര്‍ജിയില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളെ പങ്കെടുപ്പിച്ച പ്രധാനാധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നോട്ടീസിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ വി ഐ പികളാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഉൾപ്പെടെയുള്ള ക്ലാസുകളിലെ കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അക്കാദമിക് കരിക്കുലത്തിലില്ലാത്ത കാര്യമാണിതെന്നും, അങ്ങനെ ഒരു കാര്യത്തിൽ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞത്.
കുട്ടികൾ നാടിന്റെ സമ്പത്താണെന്നും അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും ഹർജി പരിഗണിച്ച കോടതി അന്ന് പറഞ്ഞത്. തുടർന്ന്, നവകേരള സദസിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ആ ഉറപ്പ് ലംഘിച്ചാണ് കഴിഞ്ഞ ദിവസം വീണ്ടും കുട്ടികളെ പങ്കെടുപ്പിച്ചത്. നവകേരള സദസിന്റെ വിളംബര ജാഥയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസ് എടുത്തിരുന്നു.