കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വന്ദനയുടെ മരണത്തിന് കാരണം സർക്കാർ സംവിധാനത്തിന്റെ വീഴ്ച; ആശുപത്രികളിൽ 24 മണിക്കൂർ സുരക്ഷ വേണം: ഹൈക്കോടതി

ആശുപത്രിയിൽ പ്രതിയെ കൊണ്ടുപോകുമ്പോഴുള്ള പ്രോട്ടോക്കോൾ പരിഷ്കരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശം നൽകി
Updated on
2 min read

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിനിടയാക്കിയത് സർക്കാർ സംവിധാനത്തിന്റെ വീഴ്ചയെന്ന് ആവർത്തിച്ച് ഹൈക്കോടതി. ആശുപത്രികളിൽ 24 മണിക്കൂർ സുരക്ഷാ സംവിധാനം വേണമെന്ന് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ആശുപത്രിയിൽ പ്രതിയെ കൊണ്ടുപോകുമ്പോഴുള്ള പ്രോട്ടോകോൾ ഉടൻ തയാറാക്കണമെന്ന് സർക്കാരിന് ജസ്റ്റിസ് ദേവൻ രാമചന്ദൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

വൈദ്യപരിശോധനാസമയത്തും പോലീസ് സുരക്ഷ വേണം. മജിസ്ടേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കുമ്പോഴുള്ള മാനദണ്ഡങ്ങൾ പോലീസ് പാലിക്കണം. സുരക്ഷ ഒരുക്കുകയെന്നത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. വന്ദനാ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അതിവേഗം നിയമിക്കുന്നതും സർക്കാരിന് പരിഗണിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ജീവൻ ത്വജിച്ചും പൊലീസ് ഡോ.വന്ദനയെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് നീരീക്ഷിച്ചു.

സ്വകാര്യ ആശുപത്രികൾക്ക് നിലവിൽ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളുണ്ട്. താലൂക്കാശുപത്രി ഉൾപ്പെടെയുളള സർക്കാർ ആശുപത്രികളിലാണ് ശക്തമായ സുരക്ഷാ സംവിധാനം വേണ്ടത്. ഇന്ന് നടക്കുന്ന ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. അവർ ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും കോടതി പരാമർശിച്ചു.

ഡിജിപിയും എഡിജിപിയും ഓണ്‍ലൈനായി ഹാജരായി കോടതിയിൽ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അലസമായി വിഷയത്തെ സർക്കാർ കാണരുത്. കോടതി കുറ്റപ്പെടുത്തുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനെയല്ല. മൊത്തത്തിലുള്ള സംവിധാനത്തെയാണ്. പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു. അങ്ങനെയെങ്കിൽ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപിനെ എത്തിച്ചതെന്നും കോടതി ചോദിച്ചു.

കുറ്റകൃത്യം നടന്ന പുലർച്ചെ സന്ദീപ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. ചിലർ ആക്രമിക്കുന്നുവെന്നായിരുന്നു സന്ദീപ് പോലീസിനോട് പറഞ്ഞത്. പ്രതി ആശുപത്രിയിൽ നടത്തിയ അക്രമങ്ങൾ സംബന്ധിച്ച് എ ഡി ജിപി സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിശദീകരിച്ചു. ആദ്യം സന്ദീപ് ഹോം ഗാർഡിനെയാണ് ആക്രമിച്ചത്. പിന്നീട് പോലീസിനെ ഉൾപ്പടെ പലരെയും ആക്രമിച്ച ശേഷമാണ് ഡോക്ടർ വന്ദനയെ അക്രമിച്ചത്. വന്ദന പെട്ടെന്ന് ഷോക്കിലായി പോയി. എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. ആദ്യം വന്ദനയുടെ ശരീരത്തിൽ പിൻ ഭാഗത്താണ് കുത്തേറ്റതെന്നും സന്ദീപിനെ പിൻതിരിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയെന്നും നാല് മിനിറ്റുകൊണ്ടാണ് ഇത്രയും സംഭവങ്ങൾ നടന്നതെന്നും പോലീസ് അനാസ്ഥയുണ്ടായിട്ടില്ലെന്നും എ ഡി ജിപി വിശദീകരിച്ചു.

രണ്ട് പോലീസുകാരാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. പ്രൊസീജ്യർ റൂമിൽ പോലീസുകാരുടെ നിരീക്ഷണമുണ്ടായിരുന്നില്ലെന്ന് കോടതി സൂചിപ്പിച്ചു., പൊലീസിനെ കുറ്റം പറയാനല്ല, സംവിധാനത്തിൽ പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കുകയാണെന്നും കോടതി സൂചിപ്പിച്ചു. പോലീസ് ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റുവെന്ന് കോടതി വാദത്തിനിടെ വാക്കാൽ പറഞ്ഞു.

എല്ലാ ദിവസവും ചെയ്യുന്ന റൂട്ടീൻ പോലെ ആയിപ്പോയി പ്രതിയെ കൈകാര്യം ചെയ്തത്,എല്ലാവരും ഓടി രക്ഷപെട്ടപ്പോൾ ഒരു പാവം പെണ്‍കുട്ടി പേടിച്ച് വിരണ്ടുപോയി.ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന പറഞ്ഞ് തള്ളികളയാനാവില്ല. സംഭവത്തെ ന്യായികരിക്കരുതെന്നും പൊലീസിനോട് കോടതി പറഞ്ഞു. പ്രതി ആക്രമിച്ചപ്പോൾ വന്ദനയെ രക്ഷിച്ചെടുക്കേണ്ട പൊലീസുകാർ എവിടെയായിരുന്നു.

അന്വേഷണം വന്ദനക്ക് നീതി കിട്ടാൻ വേണ്ടിയാകണം. അല്ലങ്കിൽ വന്ദനയുടെ ആത്മാവ് പൊറുക്കില്ല. ഇനി ഒരു ഡോക്ടർക്കും ഈ അവസ്ഥ ഉണ്ടാകാത്ത വിധമുളള പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ പൊലീസിന് കഴിയണം. അംഗീകരിച്ചാലും ഇല്ലെങ്കിലും സംവിധാനത്തിന്‍റെ പരാജയമാണെന്നും കോടതി പറഞ്ഞു.

logo
The Fourth
www.thefourthnews.in