കിഫ്ബി കേസില്‍ തോമസ് ഐസകിന് ആശ്വാസം; തുടര്‍ സമന്‍സുകള്‍ അയക്കുന്നതില്‍ ഇഡിയെ തടഞ്ഞ് ഹൈക്കോടതി
കിഫ്ബിക്കെതിരായ കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിന് എതിരായ നീക്കത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റിന് തിരിച്ചടി. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തുടര്‍ സമന്‍സ് അയക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. രണ്ടുമാസത്തേക്ക് തുടര്‍ സമന്‍സുകള്‍ അയക്കരുത് എന്നാണ് നിര്‍ദേശം. എന്നാല്‍ കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കുന്നതിന്റെ കാര്യ കാരണങ്ങള്‍ കോടതിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും അന്തിമവിധിയെന്നും കോടതി വ്യക്തമാക്കി. ഇതിനായി കോടതി റിസര്‍വ് ബാങ്കിന് നോട്ടീസ് അയച്ചു.
മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കുന്നതിന്റെ കാര്യ കാരണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതി
കിഫ്ബിയുടെ മസാല ബോണ്ടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തോമസ് ഐസക്കിന് ഇഡി നിരന്തരം സമന്‍സ് അയച്ചത്. ഇതിനെ ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിനെതിരെ തോമസ് ഐസക് നല്‍കിയ ഹര്‍ജി അപക്വമാണെന്നായിരുന്നു ഇഡിയുടെ നിലപാട്. കിഫ്ബി വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമുള്ളതായും അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കിഫ്ബി മസാല ബോണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ് തോമസ് ഐസക് നടത്തുന്നത്. വസ്തുത വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണ പരിധിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഐസക് ശ്രമിക്കുന്നത് എന്നും ഇഡി ആക്ഷേപം ഉന്നയിച്ചിരുന്നു.