ജനങ്ങളെ ബന്ദിക്കളാക്കാന്‍ അനുവദിക്കില്ല; പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഹൈക്കോടതി ഇടപെടല്‍. ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മിന്നല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും ജനങ്ങളെ ബന്ദികളാക്കാന്‍ സമ്മതിക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഇടപെടല്‍. ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.
സ്വകാര്യ സ്വത്തും, പൊതു സ്വത്തും നശിപ്പിച്ചതിനാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ഹര്‍ത്താലിന്റെ ഭാഗമായി വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 50 ഓളം ബസുകള്‍ക്ക് അക്രമങ്ങളില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അക്രമങ്ങളില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഈരാറ്റുപേട്ടയില്‍ നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് പയ്യോളിയില്‍ രണ്ട് പിഎഫ്‌ഐ പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.
കെഎസ്ആര്‍ടിസിക്കു നേരെ നടന്ന അക്രമത്തിലും ഹൈക്കോടതി ഇടപെട്ടു. ജനങ്ങളില്‍ ഭീതി പരത്താന്‍ പൊതുഗതാഗത സംവിധാനത്തെ അക്രമിക്കലാണ് ഹര്‍ത്താലുകാര്‍ക്ക് എളുപ്പം. ഇന്നത്തെ ഹര്‍ത്താലില്‍ ഏകദേശം 42 ലക്ഷത്തോളം രൂപ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. എങ്ങനെയാണ് ഈ നഷ്ടം നികത്തുക. ഇതൊരു നിയമവിരുദ്ധ ഹര്‍ത്താലാണെന്നും ഹൈക്കോടതി വ്യക്തമാക്കി.