ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ വനിതാ ജഡ്ജിമാര്‍ അടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി തീരുമാനം. വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട വിശാല ബെഞ്ചായിരിക്കും രൂപീകരിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവായ സജിമോന്‍ പറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവര്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
നേരത്തേ, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ 'പ്രതിരോധത്തിലാക്കി' ഹൈക്കോടതി ഇടപെടല്‍ നടത്തിയിരുന്നു. കമ്മിഷന്റെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ പരാതികള്‍ ഇല്ലാതെ തന്നെ സ്വമേധയാ കേസ് എടുക്കാവുന്നതാണല്ലോയെന്നും പറഞ്ഞ ഹൈക്കോടതി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.
കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനു പുറമേ ഹര്‍ജിയില്‍ വനിതാ കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസായിരുന്നു ഹര്‍ജിക്കാരന്‍.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് അത് 'കോണ്‍ഫിഷന്‍ഷ്യല്‍' ആണെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്.
എന്നാല്‍ സമൂഹത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിതെന്നു ചൂണ്ടിക്കാട്ടി അതിനോട് വിയോജിച്ച ബെഞ്ച് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പടെ മുദ്രവച്ച കവറില്‍ സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഈ മാസം പത്തിനു തന്നെ സർക്കാർ ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രത്യേക ബെഞ്ചാകും ഈ റിപ്പോർട്ട് പരിഗണിക്കുക.