ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് ഇടപെടണം; ഏഷ്യാനെറ്റിന്റെ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി

ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് ഇടപെടണം; ഏഷ്യാനെറ്റിന്റെ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി

എസ് എഫ് ഐയുടെ നേതൃത്വത്തിൽ എറണാകുളം ചാനൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ പശ്ചാത്തലത്തിൽ പോലീസ് സംരക്ഷണം തേടി ഏഷ്യാനെറ്റ് ഹർജി നൽകിയിരുന്നു.
Updated on
1 min read

വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് സംരക്ഷണം ആവശ്യപ്പെട്ടാൽ നൽകണമെന്ന് ഹൈക്കോടതി. എസ്എഫ്ഐയുടെ നേതൃത്വത്തിൽ എറണാകുളം ചാനൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ പശ്ചാത്തലത്തിൽ പോലീസ് സംരക്ഷണം തേടി ഏഷ്യാനെറ്റ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്. കൊച്ചി ഓഫീസിൽ നടന്നതിനപ്പുറം മറ്റ് പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ഭീഷണി എല്ലാ മാധ്യമങ്ങൾക്ക് നേരെയും ഉണ്ടാകാറുണ്ടെന്ന് നിരീക്ഷിച്ച കോടതി പോലിസ് സംരക്ഷണം നൽകണമെന്ന ആവശ്യം അനുവദിച്ചില്ല. എന്നാൽ കൊച്ചി, തിരുവന്തപുരം, കോഴിക്കോട് , കണ്ണൂർ ഓഫീസുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് ഇടപെടണെന്നും കോടതി നിർദേശം നൽകി.

കൊച്ചി, തിരുവന്തപുരം, കോഴിക്കോട് , കണ്ണൂർ ഓഫീസുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് ഇടപെടണം

പ്രതിഷേധത്തിന്റെ പേരിൽ ഓഫീസിൽ അക്രമം കാട്ടിയെന്നും അതിഥികളും ജീവനക്കാരുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും തടങ്കലിലാക്കുകയും ചെയ്തെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ കേരളത്തിലെ തങ്ങളുടെ ഓഫീസുകൾക്കെല്ലാം മതിയായ പോലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് വേണ്ടി മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് ആണ് ഹർജി നൽകിയിരുന്നത്.

ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് ഇടപെടണം; ഏഷ്യാനെറ്റിന്റെ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി
'വ്യാജമായ കാര്യങ്ങള്‍ സൃഷ്ടിക്കുന്നത് മാധ്യമ ധര്‍മ്മമല്ല'; ഏഷ്യാനെറ്റ് വാര്‍ത്താ വിവാദത്തില്‍ മുഖ്യമന്ത്രി

ലഹരി മരുന്ന് മാഫിയയുടെ വലയിലകപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായെന്നാണ് ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ജൂലൈയിൽ സംപ്രേഷണം ചെയ്ത വാർത്തയുടെ ഫയലുകൾ നവംബറിൽ ‘നാർക്കോട്ടിക് ബിസിനസ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പേരിലുള്ള പരിപാടിയിൽ ഉപയോഗിച്ചിരുന്നു. ഇത് വ്യാജ റിപ്പോർട്ടാണെന്ന് ആരോപിച്ച് മാർച്ച് മൂന്നിന് വൈകുന്നേരം ഏഴരയോടെ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർ കൊച്ചിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തി. വാർത്ത സർക്കാരിന്റെ പ്രതിഛായ തകർക്കാൻ വ്യാജമായി ഉണ്ടാക്കിയതാണെന്നും ഗൂഢാലോചനയാണെന്നും മയക്കു മരുന്ന് നൽകി പീഡനം നടത്തിയ സംഭവം പോലീസിനെ അറിയിച്ചില്ലെന്നതടക്കം ചൂണ്ടിക്കാട്ടി പി വി അൻവർ എംഎൽഎ നൽകിയ പരാതിയെ തുടർന്ന് എക്സിക്യുട്ടീവ് എഡിററർക്കും മൂന്ന് ജീവനക്കാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നത് സംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും പോലീസ് നടപടിയെടുക്കാതെയാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in