നടിയെ അക്രമിച്ച കേസ്: വിചാരണ കോടതി മാറ്റത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വ്യാഴാഴ്ച

നടിയെ അക്രമിച്ച കേസ്: വിചാരണ കോടതി മാറ്റത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വ്യാഴാഴ്ച

ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഹര്‍ജിയില്‍ വിധി പറയും
Updated on
1 min read

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിതയും പ്രോസിക്യൂഷനും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് ഹര്‍ജി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജിയില്‍ വിധി പറയുക. ഹര്‍ജി പരി​ഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസ‍ർ എടപ്പഗത്ത് ഓ​ഗസ്റ്റ് 19ന് പിന്മാറിയതിനെത്തുടർന്നാണ് കേസ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിലേക്ക് എത്തിയത്.

നടിയെ അക്രമിച്ച കേസ്: വിചാരണ കോടതി മാറ്റത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വ്യാഴാഴ്ച
നടിയെ ആക്രമിച്ച കേസ്: കഴിവതും ജനുവരി 31നകം വിചാരണ തീര്‍ക്കണമെന്ന് സുപ്രീം കോടതി

സിബിഐ കോടതിക്കാണ് കേസ് നടത്തിപ്പിന്റെ ചുമതല ഹൈക്കോടതി കൈമാറിയിരുന്നത്. ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാനാകില്ലെന്ന് ഹൈക്കോടതി അന്ന് അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ കേസിലെ വിചാരണ നടത്തുന്ന സിബിഐ കോടതി പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം ലഭിച്ചതോടെ കേസ് രേഖകള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് എത്തി. ഇതിന് പിന്നാലെ കേസ് നടത്തിപ്പും എറണാകുളം സിബിഐ കോടതി മൂന്നില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെയാണ് അതിജീവിതയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത്.

അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമാണ് ഇപ്പോള്‍ നടക്കുന്നത്. വിചാരണ കോടതി ജഡ്ജി പക്ഷപാതമായി പെരുമാറുന്നുവെന്നാണ് അതിജീവിതയുടെ ആരോപണം. ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് അതിജീവിത ചൂണ്ടികാട്ടുന്നു. ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ പ്രതി നടന്‍ ദിലീപും തമ്മില്‍ ബന്ധമുണ്ട്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട അന്വേഷണം ജഡ്ജി തടഞ്ഞെന്നും അതിജീവിത ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ അഞ്ചിന് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചിരുന്നു. അടുത്ത വര്‍ഷം ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ കക്ഷികളെല്ലാവരും സഹകരിക്കണം. വിചാരണ പുരോഗതിയുടെ തല്‍സ്ഥിതി നാലാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് വിചാരണ കോടതിയോടും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in