വടക്കഞ്ചേരി ബസ് അപകടം: സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതിയില്‍, ബസ് ഉടമയ്ക്കെതിരെയും നടപടിയുണ്ടാവും
പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസിയും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ട്രാൻസ്‌പോർട്ട് കമ്മീഷണർ കോടതി മുൻപാകെ ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് കോടതി പരിഗണിക്കും.
ടൂറിസ്റ്റ് ബസിൽ അനധികൃത്യമായി രൂപമാറ്റം വരുത്തിയതായി കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യം ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ബെഞ്ച് സംഭവത്തിൽ കഴിഞ്ഞ ദിവസം ശക്തമായ നടപടിക്ക് നിർദ്ദേശിച്ചിരുന്നു
അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കും
അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കും. നിലവിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് മാത്രമാണ് കേസ് എടുത്തിരിക്കുന്നത്.
ബസ് നടത്തിപ്പിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്‌ക്കെതിരെ കേസ് എടുക്കാനും അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.
മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ വരുത്തിയിട്ടുള്ള ടൂറിസ്റ്റ് ബസുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട് കമ്മീഷണറോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ദുരുപയോഗം നടത്തുകയും ചെയ്യുന്ന വാഹനങ്ങുടെ ദൃശ്യങ്ങൾ യൂട്യൂബിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച് പ്രോത്സാഹിപ്പിക്കുകയാണ് വ്ലോഗർമാരെന്നും കോടതി നിരീക്ഷിച്ചു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു, വ്ലോഗർമാർക്കും മറ്റുള്ളവർക്കും എതിരെ സ്വീകരിക്കാവുന്ന നടപടിയെക്കുറിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറിയിൽ നിന്ന് നിർദ്ദേശം ലഭിക്കാൻ സമയം തേടിയിരുന്നു.
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ പാസഞ്ചർ ക്യാബിനിൽ മൾട്ടി-കളർ എൽഇഡി ലൈറ്റുകൾ, ഹൈ പവർ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ബസിന്റെ വിൻഡ്‌സ്‌ക്രീനിൽ ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന വലിയ ഗ്രാഫിക്സുകൾ ഉണ്ടായിരുന്നു. കൂടാതെ, കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് മൾട്ടി-ടോൺ ഹോൺ ഘടിപ്പിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി കണ്ടെത്തി. ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി യൂട്യൂബ് വീഡിയോകളുടെ സ്‌ക്രീൻഷോട്ടുകൾ ബെഞ്ച് പരിഗണനയ്‌ക്കെടുത്തിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ മുഖേന ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും ബന്ധപ്പെട്ട ജില്ലകളിലെ ജില്ലാ പോലീസ് മേധാവി മുഖേന സംസ്ഥാന പോലീസ് മേധാവിക്കും നടപടികളെടുക്കാനുള്ള നിർദ്ദേശം കോടതി നൽകിയിട്ടുണ്ട്.