ചൂട് കൂടുന്നു, വൈദ്യുതി ഉപഭോഗവും; എ സി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ചൂട് കൂടുന്നു, വൈദ്യുതി ഉപഭോഗവും; എ സി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

വൈദ്യുതി നിരക്കിനെ പേടിയുണ്ടെങ്കിലും അത് വകവയ്ക്കാതെ ചൂടില്‍ നിന്ന് രക്ഷതേടി എ സി വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്
Updated on
1 min read

കൊടും ചൂടില്‍ ജനം വലയുമ്പോള്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കുതിച്ചുയരുന്നു. പ്രതിദിന വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റും പിന്നിട്ട് കുതിക്കുകയാണ്. മാര്‍ച്ച് 14 നാണ് ഏറ്റവും ഉയര്‍ന്ന ഉപഭോഗം രേഖപ്പെടുത്തിയത്; 90.22 ദശലക്ഷം യൂണിറ്റ്. ചൂട് കൂടിയതോടെ സംസ്ഥാനത്ത് എയര്‍ കണ്ടീഷണറുകളുടെയും ഫാനിന്റേയും ഉപയോഗവും കൂടിയതാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാനിടയാക്കിയത്.

വൈദ്യുതി നിരക്കിനെ പേടിയുണ്ടെങ്കിലും അത് വകവയ്ക്കാതെ ചൂടില്‍ നിന്ന് രക്ഷതേടി എസി വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. എന്നാല്‍ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന എസികള്‍ വൈദ്യുതി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കില്ലെന്നാണ് കടയുടമകള്‍ പറയുന്നത്. "ഏറ്റവും പുതിയ ഇൻവെർട്ടർ എസികൾ എല്ലാം തന്നെ നിർമിച്ചിരിക്കുന്നത് വൈദ്യുതി കൂടുതൽ ആവശ്യമില്ലാത്ത രീതിയിലാണ്. നിരന്തരം ഉപയോഗിച്ചാൽ പോലും പ്രതിമാസം 600 മുതൽ 750 രൂപ വരെ മാത്രമേ എസിക്കായി ചെലവാകുന്നുള്ളൂ. ഈ കാരണം കൂടി ആയപ്പോൾ എസി വിൽപ്പനയിൽ വലിയ രീതിയിലുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്"- ക്യൂആർഎസ് മാനേജിങ് ഡയറക്‌ടർ അഭിമന്യു ഗണേഷ് ദ ഫോർത്തിനോട് പറഞ്ഞു.

ഇത് കൂടാതെ പല തരത്തിലുള്ള ഓഫറുകള്‍ കൂടി നല്‍കുന്നതോടെ ആളുകൾ എസി വാങ്ങാന്‍ മടിക്കാതെയായി. ഒരു രൂപ പോലും അടയ്ക്കാതെ ഒരു എസി വീട്ടിൽ ഇപ്പോൾ കൊണ്ടുപോകാൻ സാധിക്കും. ഒന്നര വർഷം വരെ എടുത്തു പല ഗഡുക്കളായി പണമടയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള ഇഎംഐ സ്കീമുകളാണ് അധികം പേരെയും ആകർഷിക്കുന്നത്. ബിസിനസ് വലിയ രീതിയില്‍ കൂടാന്‍ ഇത് സഹായിച്ചെന്ന് കടയുടമകളും പറയുന്നു.

സംസ്ഥാനത്തെ ജലസംഭരണികളിലെ നിരപ്പ് കുറയുന്ന സാഹചര്യത്തിലാണ് വൈദ്യുതി ഉപഭോഗത്തിലെ വര്‍ധന പ്രതിസന്ധിയാകുന്നത്. കഴിഞ്ഞ ആറ് വർഷത്തെ കണക്കെടുത്താൽ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ ജലസംഭരണികളിലുള്ളത്. നിലവിൽ ഏറ്റവും ഉയർന്ന ജലനിരപ്പ് ഷോളയാറിലും, ഏറ്റവും കുറവ് ഇടമലയാറിലുമാണ്. 2653.50 അടി വെള്ളമാണ് ഷോളയാർ അണക്കെട്ടിലുള്ളത്. ഇടുക്കി ഡാമില്‍ 2349.58 അടി വെള്ളവും ഇടമലയാറില്‍ 147.84 അടി വെള്ളവുമായി കുറഞ്ഞു. വേനല്‍ കടുത്താല്‍ ഉയർന്ന വിലയ്ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയുണ്ടാകും. ലോഡ്ഷെഡിങ് ഉൾപ്പടെയുള്ള നടപടികളിലേക്കും കടക്കേണ്ടി വരും

വൈദ്യുതി സൂക്ഷിച്ച് കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് പ്രതിസന്ധി നേരിടാനുള്ള പോംവഴി. ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗം വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയത്ത് പരമാവധി ഒഴിവാക്കണമെന്നാണ് അധികൃതർ നല്‍കുന്ന നിര്‍ദേശം.

logo
The Fourth
www.thefourthnews.in