വടക്കഞ്ചേരി അപകടം: ഗതാഗത വകുപ്പ് ഉന്നതതലയോഗം ഇന്ന്; വാഹനങ്ങളുടെ നിയമലംഘനവും 
തുടര്‍നടപടിയും ചര്‍ച്ചയാകും

വടക്കഞ്ചേരി അപകടം: ഗതാഗത വകുപ്പ് ഉന്നതതലയോഗം ഇന്ന്; വാഹനങ്ങളുടെ നിയമലംഘനവും തുടര്‍നടപടിയും ചര്‍ച്ചയാകും

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം
Updated on
1 min read

റോഡുകളില്‍ വാഹനങ്ങളുടെ നിയമലംഘനം തുടരുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. വടക്കഞ്ചേരി അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും ഓപ്പറേഷന്‍ 'ഫോക്കസ് ത്രീ' അടക്കമുള്ള നടപടികളുടെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് യോഗം. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

പൊതുനിരത്തുകളില്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വടക്കഞ്ചേരി അപകടത്തിന് ശേഷം ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ 'ഫോക്കസ് ത്രീ' അടക്കമുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ പുരോഗതിയും ഇന്ന് ചേരുന്ന യോഗം വിലിയരുത്തും.

വാഹന പരിശോധനയ്ക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യാനാണ് സാധ്യത. മാധ്യമശ്രദ്ധ തിരിഞ്ഞാല്‍ എല്ലാം പഴയ പടി ആകുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥരെ അറിയിച്ചത്.

logo
The Fourth
www.thefourthnews.in