തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക്; പൊതുസ്ഥലത്ത് എഴുന്നള്ളിക്കരുതെന്ന് ഹൈക്കോടതി
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനായി പ്രവർത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ഉത്തരവ്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആനയുടെ എഴുന്നള്ളത്ത് സ്ഥിരമായി നിരോധിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായി വാദം കേൾക്കുന്നത് വരെയാണ് വിലക്ക്.
ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആനയുടെ വലത് കണ്ണിന്റെ കാഴ്ച ശക്തി സംബന്ധിച്ച് ആറാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിർദേശം നൽകി. രാമചന്ദ്രന്റെ വലത് കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടുവെന്ന് കാണിച്ച് 2017ൽ മെഡിക്കൽ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിൽ നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ പൊതുപരിപാടികൾക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാറുണ്ട്. നാല് പാപ്പാന്മാരുടെ അകമ്പടിയടക്കമുള്ള ഉപാധികളോടെയാണ് അനുമതി നൽകാറുള്ളത്.
2019ൽ ഗുരുവായൂരിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെ ആന രണ്ടുപേരെ കൊല്ലുകയും തുടർന്ന് ആനയെ എഴുന്നള്ളിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. പിന്നീട് 2020ൽ താത്ക്കാലികമായി വിലക്ക് പിൻവലിച്ചിരുന്നു. ഇതിനെതിരെയാണ് ഇടുക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഹർജി നൽകിയത്.