സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്നതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹർജി നൽകിയിരുന്നു. നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപിച്ച ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് പരാതിക്കാരിയുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പായെന്ന് അറിയിച്ചതിനെ തുടർന്ന് കേസിൽ സ്റ്റേ അനുവദിച്ചിരുന്നു.
2017 ൽ ഒരു തിരക്കഥയുമായി ഉണ്ണി മുകുന്ദനെ കാണാൻ ചെന്നപ്പോൾ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ കേസ് റദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലവും ഉണ്ണി മുകുന്ദൻ ഹൈക്കോടതിയിൽ നൽകിയിരുന്നു.
തുടർന്ന് 2021 മേയ് ഏഴിന് കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ എതിർപ്പില്ലെന്ന് വ്യക്തമാക്കി ഉണ്ണിമുകുന്ദന്റെ അഭിഭാഷകൻ നൽകിയ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് കേസിലനുവദിച്ച സ്റ്റേ ഹൈക്കോടതി പിൻവലിച്ചിരുന്നു. പിന്നീട് വാദം കേട്ട് ഹർജി തള്ളി. എന്നാൽ വീണ്ടും ഉണ്ണി മുകുന്ദൻ കോടതിയെ സമീപിക്കുകയായിരുന്നു. അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ.