വധശ്രമക്കേസ്: ലക്ഷദ്വീപ് എം പിയുടെ ശിക്ഷ മരവിപ്പിച്ചു
വധശ്രമക്കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. അതേസമയം കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ഫൈസലിന്റെ ആവശ്യം കോടതി നിരസിച്ചു.
വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹർജിയിൽ ജസ്റ്റിസ് എൻ നഗരേഷാണ് വിധി പറഞ്ഞത്.
കേസിൽ ഫൈസൽ കുറ്റക്കാരനാണെന്നുമുള്ള വിധിയും ശിക്ഷാവിധിയും ഹൈക്കോടതി നേരത്തെ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഓഗസ്റ്റിൽ റദ്ദാക്കിയ സുപ്രീംകോടതി, ഫൈസലിന്റെ ഹർജി ആറ് ആഴ്ചയ്ക്കുള്ളിൽ വീണ്ടും പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്.
അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സഈദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പേരെ 10 വർഷത്തേക്കാണ് കവരത്തി കോടതി ജനുവരി 11ന് ശിക്ഷിച്ചത്. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.
ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിലേറെ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കപ്പെടും. ഈ സാഹചര്യത്തിലാണ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനെത്തുടർന്നാണ് ശിക്ഷാവിധിക്കെതിരെ മുഹമ്മദ് ഫൈസൽ അപ്പീൽ നൽകിയത്.
എന്നാൽ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിനെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വാദമുയർത്തി. ഇക്കാര്യത്തിൽ ഫൈസലിന് ഇളവ് നൽകാനാവില്ലെന്നും ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.