ഇമ്മാനുവലും കുടുംബവും
ഇമ്മാനുവലും കുടുംബവും

ഹിജാബ് നിരോധനം 'തെറ്റായ പാത'യെന്ന് ജസ്റ്റിസ് ധൂലിയ; എന്താണ് സുപ്രീം കോടതി വിധിയില്‍ പരാമര്‍ശിച്ച ബിജോ ഇമ്മാനുവല്‍ കേസ്?

നമ്മുടെ ഭരണഘടന സഹിഷ്ണുത പാലിക്കുന്നു. അതിൽ മായം കലർത്താതിരിക്കാം. ബിജോ ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിയുടെ അവസാന വാചകം ഇങ്ങനെയായിരുന്നു.
Updated on
3 min read

ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ അനുകൂലിച്ചും റദ്ദാക്കിയും ഭിന്നവിധി പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയില്‍ ശ്രദ്ധേയമായി 1985ലെ ബിജോ ഇമ്മാനുവല്‍ കേസ്. സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനം ശരിവെച്ചപ്പോള്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നു എന്നായിരുന്നു ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിധി പ്രസ്താവം നടത്തി. ജസ്റ്റിസ് സുധാന്‍ഷു ധൂലിയുടെ വിധിയിലാണ് ബിജോ ഇമ്മാനുവല്‍ കേസ് പരാമര്‍ശിക്കപ്പെട്ടത്.

ബിജോ ഇമ്മാനുവൽ VS സ്റ്റേറ്റ് ഓഫ് കേരള

ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരിൽ തന്റെ മൂന്ന് മക്കളെ സ്കൂളിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് ഒരു പിതാവ് ഒറ്റയ്ക്ക് നടത്തിയ നിയമപോരാട്ടമാണ് 1985ലെ ബിജോ ഇമ്മാനുവൽ കേസ്. കോട്ടയം കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്ന ബിജോ, ബിനു, ബിന്ദു എന്നിവരെയാണ് ദേശീയ​ഗാനം ആലപിക്കുമ്പോൾ കൂടെ ചൊല്ലിയില്ല എന്ന പേരിൽ സസ്പെൻഡ് ചെയ്തത്. തുടർന്ന് കുട്ടികളുടെ മാതാപിതാക്കളായ പ്രൊഫ. വി ജെ ഇമ്മാനുവലും ലില്ലിക്കുട്ടിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഹർജി തള്ളി. പിന്നീട് നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയിൽ പോയ കുടുംബത്തിന് അനുകൂല വിധി ലഭിക്കുകയായിരുന്നു.

''എന്റെ മക്കളുടെ സ്കൂളിൽ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനല്ല ഞാൻ കോടതിയിൽ പോയത്. അത് യഹോവയുടെ സാക്ഷികളിലെ എല്ലാ അംഗങ്ങളുടെയും ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതായിരുന്നു''- അന്ന് ഇമ്മാനുവൽ പറഞ്ഞു. സ്‌കൂളിൽ അക്കാലത്ത് യഹോവയുടെ സാക്ഷികളുടെ മതവിഭാഗത്തിൽ നിന്നുള്ള 11 കുട്ടികൾ ഉണ്ടായിരുന്നു.

ക്രിസ്തുമതത്തിൽ നിന്ന് വ്യത്യസ്തമായ വിശ്വാസങ്ങളുള്ള ഒരു സഹസ്രാബ്ദ പുനഃസ്ഥാപന ക്രിസ്ത്യൻ വിഭാഗമായ യഹോവയുടെ സാക്ഷികളുടെ അനുയായികളായിരുന്നു മൂന്ന് കുട്ടികളും. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം യഹോവയെ മാത്രമേ ആരാധിക്കാവൂ. ദേശീയഗാനം ഒരു പ്രാർത്ഥനയാണ്, നമ്മുടെ വിശ്വാസമനുസരിച്ച് നാം യഹോവയോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നായിരുന്നു 2016ൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇമ്മാനുവൽ പറഞ്ഞത്.

ഒരു പ്രാദേശിക പത്രത്തിൽ വാർത്ത വന്നതോടെയാണ് സംഭവം രാഷ്ട്രീയ ശ്രദ്ധനേടിയത്. വിഷയം കോൺഗ്രസ് (എസ്) എംഎൽഎ ആയിരുന്ന വി സി കബീർ നിയമസഭയിൽ ഉന്നയിച്ചതോടെ അന്നത്തെ യുഡിഎഫ് സർക്കാർ ഏകാംഗ കമ്മീഷനെ നിയമിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടികൾ ദേശീയഗാനത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർക്ക് അവരെ കുറിച്ച് പരാതിയില്ലെന്നുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്.

എന്നാൽ, കുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം തുടരണമെങ്കിൽ ചട്ടങ്ങൾ പാലിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർബന്ധിച്ചു. ബാക്കിയുള്ളവർക്കൊപ്പം ദേശീയഗാനം ആലപിക്കുമെന്ന് വിദ്യാർത്ഥികൾ രേഖാമൂലം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇമ്മാനുവൽ കുടുംബത്തിന് അത് സ്വീകാര്യമായിരുന്നില്ല. 1985 ജൂലൈ 25-ന്, ഈ മൂന്ന് കുട്ടികളെയും യഹോവയുടെ സാക്ഷികളുടെ വിഭാഗത്തിലെ മറ്റ് ഒമ്പതുപേരെയും സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സർക്കാർ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനമെന്നായിരുന്നു റിപ്പോർട്ട്. ഇതായിരുന്നു കേസിന്റെ തുടക്കം.

വിഷയം കോടതികളിലേക്ക്

ഇമ്മാനുവലും ഭാര്യ ലില്ലിക്കുട്ടിയും കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ ദേശീയ​ഗാനം ആലപിക്കാത്ത കുട്ടികളെ സ്കൂളിൽ പഠിപ്പിക്കേണ്ട എന്നായിരുന്നു വിധി. ഹർജി സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും തള്ളി. എന്നാൽ പോരാട്ടം ഉപേക്ഷിക്കാൻ ഇമ്മാനുവൽ തയ്യാറായിരുന്നില്ല. തന്റെ മക്കളായ ബിജോ, ബിനു, ബിന്ദു എന്നിവർക്ക് വേണ്ടി ഇമ്മാനുവൽ സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ കേസ് രാജ്യശ്രദ്ധ പിടിച്ചുപറ്റി.

1986 ഓഗസ്റ്റ് 11-ന്, ഇമ്മാനുവൽ v/s സ്റ്റേറ്റ് ഓഫ് കേരള കേസിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായി സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നു. ദേശീയഗാനം ആലപിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നത് അവരുടെ മതവിശ്വാസത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസുമാരായ ഒ ചിന്നപ്പ റെഡ്ഡി, എം എം ദത്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. ദേശീയ ഗാനം ആലപിക്കാൻ ആരെയും നിർബന്ധിക്കുന്ന നിയമ വ്യവസ്ഥകളൊന്നുമില്ലെന്നും ദേശീയ ഗാനം ആലപിക്കുമ്പോൾ മാന്യമായി എഴുന്നേറ്റുനിൽക്കുന്നയാൾ ആലാപനത്തിൽ ചേരുന്നില്ലെങ്കിൽ അത് ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് ഞങ്ങൾ കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിന്നാണ് ദേശീയഗാനത്തോട് ശരിയായ ആദരവ് കാണിക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോൾ കൂടെ ചൊല്ലിയില്ല എന്നതാണ് അനാദരവ് എന്ന് പറയുന്നത് ശരിയാകില്ലെന്നും കോടതി പറഞ്ഞു.

കൂടാതെ ഹൈക്കോടതി വിധിയെ നിശിതമായി വിമർശിക്കുകയും ചെയ്തു. ''ദേശീയ ​ഗാനമായ ജന​ഗണമനയുടെ ഓരോ വരികളും സൂക്ഷ്മമായി പരിശോധിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ആരുടെയെങ്കിലും മതപരമായ സംശയങ്ങളെ വ്രണപ്പെടുത്തുന്ന ഒരു വാക്കോ ചിന്തയോ ഇല്ലായിരുന്നു എന്ന നി​ഗമനത്തിലെത്തുകയും ചെയ്തു. എന്നാൽ ഇവിടെ വിഷയം അതായിരുന്നില്ല. ഹർജിക്കാരുടെ എതിർപ്പ് ദേശീയ ഗാനത്തിന്റെ ഭാഷയോടോ വികാരങ്ങളോടോ അല്ല. അവർ ലോകത്തെവിടെയും ദേശീയ ഗാനം ആലപിക്കാറില്ല'' എന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ബിജോ ഇമ്മാനുവൽ കേസിൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെക്കുറിച്ചും മറ്റ് പ്രസക്തമായ പരാമർശങ്ങളും സുപ്രീം കോടതി നടത്തിയിരുന്നു. ''ഈ കേസിൽ മൂന്ന് കുട്ടികളെയും അവരുടെ മനസ്സാക്ഷിപരമായി പുലർത്തുന്ന മതവിശ്വാസം കാരണമാണ് സ്കൂളിൽ നിന്ന് പുറത്താക്കിയത്. ദേശീയഗാനം ആലപിക്കുമ്പോൾ ആദരവോടെ എഴുന്നേറ്റുനിൽക്കുന്നുണ്ടെങ്കിലും രാവിലെ അസംബ്ലിയിൽ ദേശീയഗാനം ആലപിക്കുന്നതിൽ അവർ പങ്കെടുക്കുന്നില്ല എന്ന കാരണത്താലാണ് സ്കൂളിൽ നിന്ന് ബഹിഷ്ക്കരിച്ചിരിക്കുന്നത്. ഇത് അവരുടെ മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവരുടെ മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് ഞങ്ങൾക്ക് ബോധ്യമായിരിക്കുന്നു'' എന്നും കോടതി നിരീക്ഷിച്ചു.

''ഞങ്ങൾ ഇത് കൂട്ടിച്ചേർക്കാൻ ആ​ഗ്രഹിക്കുന്നു. നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു. നമ്മുടെ തത്ത്വശാസ്ത്രം സഹിഷ്ണുത ഉപദേശിക്കുന്നു. നമ്മുടെ ഭരണഘടന സഹിഷ്ണുത ആചരിക്കുന്നു. നമ്മുടെ ഭരണഘടന സഹിഷ്ണുത പാലിക്കുന്നു. നമുക്ക് അതിൽ മായം കലർത്താതിരിക്കാം''. സുപ്രീംകോടതി വിധിയുടെ അവസാന വാചകം ഇങ്ങനെയായിരുന്നു.

ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള സുപ്രധാന വിധിയായാണ് ബിജോ ഇമ്മാനുവൽ കേസിലെ വിധി കണക്കാക്കപ്പെടുന്നത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിന് ശേഷം മൂന്ന് കുട്ടികളെയും യഹോവയുടെ സാക്ഷികളുടെ വിഭാഗത്തിലെ മറ്റ് വിദ്യാർത്ഥികളെയും വീണ്ടും സ്കൂളിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇമ്മാനുവലിന്റെ മൂന്ന് കുട്ടികളും ഒരു ദിവസം മാത്രമാണ് സ്കൂളിൽ പോയത്. കേസ് കാരണം വിദ്യാർത്ഥികൾക്ക് ഒരു വ‍ർഷം നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് തങ്ങളുടെ ഏഴ് മക്കളിൽ ആർക്കും ഔപചാരിക വിദ്യാഭ്യാസം തുടരേണ്ടതില്ലെന്ന് ആ കുടുംബം തീരുമാനിച്ചു. മറ്റ് വിദ്യാർത്ഥികളും പല സ്കൂളുകളിലേക്കും മാറി.

logo
The Fourth
www.thefourthnews.in