ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ സമരം രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടി: സിപിഎം
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരായ പോരാട്ടങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരമെന്ന് സിപിഎം. രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമായ നയമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുടെ നിലനില്‍പ്പിനെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ് ഹിന്ദി രാഷ്ട്ര ഭാഷയാക്കാനുള്ള ശ്രമമെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഈ നീക്കം ഭാഷാതാല്‍പര്യത്തിന്റെ മാത്രമല്ല, മറിച്ച് ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന ആശയം നടപ്പാക്കാനുള്ള സംഘപരിവാറിന്റെ നീക്കമാണ്. ഇത്തരത്തിലുള്ള നയങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനും ദേശീയ ഐക്യത്തിനും കനത്ത തിരിച്ചടിയുണ്ടാക്കും. കൂടാതെ ഹിന്ദിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതോടെ ഇതര ഭാഷ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്നതിന് തുല്യമാണെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനകളെയും സിപിഎം പിന്തുണയ്ക്കുന്നു.
രാഷ്ട്ര ഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്ന കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരായ പാര്‍ട്ടി നയവും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിവിധ ഭാഷകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കികൊണ്ടു മാത്രമെ രാജ്യത്തൊട്ടാകെയുള്ള ബന്ധഭാഷയായി ഹിന്ദിക്ക് അംഗീകാരം നേടാന്‍ ആകൂ. അതുവരെ ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കുകയെന്ന ഇന്നത്തെ വ്യവസ്ഥ തുടരുമെന്നും നയത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ഉന്നത വിദ്യഭ്യാസ സ്ഥാപനം വരെ മാതൃഭാഷയില്‍ പഠിക്കാന്‍ സാധിക്കുമെന്ന് ഉറപ്പ് വരുത്തും, ഒരു സംസ്ഥാനത്തെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഔദ്യോഗികസ്ഥാപനങ്ങളിലും ഭരണഭാഷയായി ആ സംസ്ഥാനത്തെ മാതൃഭാഷ ഉപയോഗിക്കാനുള്ള അവകാശങ്ങളും ഉറപ്പുവരുത്തും. മാതൃഭാഷയ്ക്ക് പുറമെ ഉറുദു പോലെയുള്ള ഏതെങ്കിലും ന്യൂനപക്ഷങ്ങളുടെ ഭാഷകൂടെ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ അതിനും വ്യവസ്ഥയുണ്ടാക്കുമെന്നും നയം വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തില്‍ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നയം എടുത്തില്ലെങ്കില്‍ ദേശീയ ഐക്യത്തെ അത് ബാധിക്കും. ഭാഷാ പ്രശ്നങ്ങള്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്ത ശ്രീലങ്കയെയും ബംഗ്ലാദേശിനെയും ഒരു പാഠമായെടുക്കണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കുന്നു.
തൊഴിലിനും വിദ്യാഭ്യാസത്തിനും അധ്യയന മാധ്യമമായി ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ നിര്‍ബന്ധബുദ്ധിയോടെ ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുത്. വിദ്യാഭ്യാസരംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങള്‍ പരിഗണിക്കണം. ഇക്കാര്യത്തില്‍ സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവരുതെന്നും ഹിന്ദിവല്‍ക്കരണത്തിനായുള്ള ശ്രമങ്ങളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.