'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും'; കേരള ഭാഗ്യക്കുറിയുടെ ചരിത്രം

'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും'; കേരള ഭാഗ്യക്കുറിയുടെ ചരിത്രം

1967ലെ ഇഎംഎസ് സര്‍ക്കാരാണ് ഭാഗ്യക്കുറി എന്ന ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്നത്.
Updated on
2 min read

'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും' വര്‍ഷങ്ങളായി മലയാളികള്‍ പാടിനടക്കുന്ന പാട്ടാണിത്. 1970ല്‍ പുറത്തിറങ്ങിയ ലോട്ടറി ടിക്കറ്റ് എന്ന സിനിമയിലൂടെ അടൂര്‍ ഭാസി പാടി അഭിനയിച്ച ഈ പാട്ട് മലയാളികള്‍ ഏറ്റുപാടിയത് അത് അവരോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നായത് കൊണ്ടാണ്. കാരണം, ലോട്ടറി ടിക്കറ്റിന് മലയാളിയുടെ ജീവിതത്തിലെ സ്ഥാനം വലുതാണ്. അതിലൂടെ മലയാളികള്‍ നെയ്ത്കൂട്ടിയ സ്വപ്‌നങ്ങളും വലുതാണ്.

1967ലെ ഇഎംഎസ് സര്‍ക്കാരാണ് ഭാഗ്യക്കുറി എന്ന ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്നത്. ധനമന്ത്രിയായിരുന്ന പികെ കുഞ്ഞിന്റെ തലയിലായിരുന്നു ആദ്യം ഈ ആശയം ഉദിക്കുന്നത്. സര്‍ക്കാരിന് നികുതി, നികുതിയേതര വരുമാനങ്ങള്‍ കുറവായിരുന്ന സമയത്ത് നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഫലമായിരുന്നു സര്‍ക്കാര്‍ തലത്തില്‍ ലോട്ടറി വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാരില്‍ ഭാഗ്യക്കുറിക്ക് ഒരു വകുപ്പ് രൂപവത്കരിക്കുകയും ചെയ്തു. ഭാഗ്യക്കുറി വകുപ്പിന്റെ ആദ്യ ഡയറക്ടറായി പികെ സയ്ദ് മുഹമ്മദിനെ നിയമിക്കുകയും ചെയ്തു. അങ്ങനെ 1967ലെ കേരളപ്പിറവി ദിനത്തില്‍ കേരളഭാഗ്യക്കുറിക്കും തുടക്കമായി.

'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും'; കേരള ഭാഗ്യക്കുറിയുടെ ചരിത്രം
കടമെടുപ്പ് പരിധി: ചർച്ച പരാജയം, കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ആദ്യ ലോട്ടറി ടിക്കറ്റിന്റെ വില ഒരു രൂപയായിരുന്നു, സമ്മാനത്തുക അമ്പതിനായിരവും. 1968 ജനുവരി 26ന് ആദ്യത്തെ ഭാഗ്യശാലിയെയും കേരളം കണ്ടെത്തി. ഇന്നത്തെ പോലെ നറുക്കെടുപ്പ് ദിനം വരെയുള്ള ലോട്ടറി വില്‍പ്പനയും അന്ന് ഉണ്ടായിരുന്നില്ല. ജനുവരി പത്തിന് ലോട്ടറി വില്‍പ്പന അവസാനിപ്പിച്ചിരുന്നു. ലോട്ടറി വില്‍പ്പന പത്തിന് അവസാനിപ്പിക്കുമെന്ന് ടിക്കറ്റില്‍ തന്നെ അറിയിച്ചിട്ടുമുണ്ടായിരുന്നു.

ആ വര്‍ഷം ലോട്ടറിയുടെ മൊത്തം ലാഭം 14 ലക്ഷം രൂപയായിരുന്നു. ഇന്ന് 1700 കോടിയോളം രൂപയാണ് ഭാഗ്യക്കുറിയില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന ലാഭം. സര്‍ക്കാരിന് നികുതി ഇതര വരുമാനം നേടിക്കൊടുക്കുന്ന പ്രധാന വകുപ്പും വലിയ തൊഴില്‍ദാതാവും ഭാഗ്യക്കുറി തന്നെയാണ്.

ആദ്യത്തെ ലോട്ടറി ടിക്കറ്റ്
ആദ്യത്തെ ലോട്ടറി ടിക്കറ്റ്

വര്‍ഷങ്ങള്‍ കഴിയുംതോറും ഭാഗ്യക്കുറിയുടെ വില്‍പനയിലും തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും സമ്മാനത്തുകയിലുമെല്ലാം വലിയ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഒരു രൂപയില്‍ നിന്ന് ലോട്ടറിയുടെ വിലയും 50000ത്തില്‍ നിന്ന് സമ്മാനത്തുകയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലോട്ടറിയില്‍ നിന്നുള്ള ലാഭത്തിലും വലിയ മാറ്റങ്ങള്‍ വന്നു. 2008-09 വര്‍ഷത്തില്‍ ലോട്ടറി ടിക്കറ്റില്‍ നിന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലാഭം മൂന്നക്കം കടക്കുകയുണ്ടായി. അന്നു മുതല്‍ ഇതുവരെ ഒരു തവണ മാത്രമാണ് ലാഭം രണ്ടക്കത്തിലേയ്ക്കു കുറഞ്ഞത്. അത് 2010-11ലാണ്. ലോട്ടറി നിരോധനം സംബന്ധിച്ചുണ്ടായ വിധിയുമായി ബന്ധപ്പെട്ടാണ് ഈ കുറവുണ്ടായത്.

ആദ്യം പണം മാത്രമായിരുന്നു സമ്മാനത്തുകയെങ്കില്‍ പിന്നീട് പണത്തിന് പുറമേ കാറുകളും ഭാഗ്യക്കുറിയുടെ സമ്മാനമായി നല്‍കി തുടങ്ങിയിരുന്നു. 1968ല്‍ ക്രിസ്മസ് ബംബറില്‍ ഒരു ലക്ഷം രൂപയും അംബാസിഡര്‍ കാറും സമ്മാനമായി നല്‍കിയതോടെയാണ് ഈയൊരു രീതിയുടെ തുടക്കം. വര്‍ഷം കഴിയും തോറും ബംബറുകളുടെ വിലയും വര്‍ധിച്ച് വന്നു. 1971ല്‍ തിരുവോണം ബംബറില്‍ അഞ്ച് ലക്ഷവും 1971ലെ ക്രിസ്മസ് ബംബറില്‍ പത്തു ലക്ഷവുമായി സമ്മാനത്തുക വര്‍ധിക്കുകയായിരുന്നു. അവസാനം കഴിഞ്ഞ വര്‍ഷം നല്‍കിയ ഓണം ബംബര്‍ സമ്മാനം 25 കോടി രൂപയായാണ് വര്‍ധിച്ചത്.

'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും'; കേരള ഭാഗ്യക്കുറിയുടെ ചരിത്രം
പത്മജയെന്ന അപ്രതീക്ഷിത പിടിവള്ളി, വിവാദങ്ങൾ കടക്കാൻ ഇടതുമുന്നണി; പ്രതിരോധത്തിലാകുന്ന കോൺഗ്രസ്

കൃത്യമായ സുരക്ഷാ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് ലോട്ടറികള്‍ അച്ചടിക്കുന്നത്. വ്യാജലോട്ടറികള്‍ തടയാനുള്ള സുരക്ഷാഘടകങ്ങളും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. 2010 മുതല്‍ അന്യസംസ്ഥാന ലോട്ടറികളും കേരളത്തില്‍ നിര്‍ത്തലാക്കി. വളരെ സുതാര്യമായാണ് കേരള ഭാഗ്യക്കുറിയുടെ വില്‍പ്പനയും നറുക്കെടുപ്പും സമ്മാനവിതരണവും നടക്കുന്നത്. മൈക്രോ ലെറ്റേഴ്‌സ് പാറ്റേണ്‍, ഗ്യൂലോക് പാറ്റേണ്‍, ഒപാക് ടെക്സ്റ്റ് പാറ്റേണ്‍, റിലീഫ് പാറ്റേണ്‍, വോയിഡ് പാന്റോ ഗ്രാഫ് പാറ്റേണ്‍, ഇന്‍വെര്‍ട്ട് മൈക്രോലൈന്‍ പാറ്റേണ്‍, ലിനിയര്‍ ബാര്‍കോഡ് എന്നീ സുരക്ഷാസംവിധാനങ്ങള്‍ ടിക്കറ്റുകളുടെ വ്യാജനിര്‍മിതിയും ലോട്ടറി നമ്പര്‍ തിരുത്തുന്നത് പോലുള്ള തട്ടിപ്പും തടയാന്‍ സജ്ജമാക്കിയിട്ടുണ്ട്. സി-ഡിറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ഡിസൈന്‍ ലാബാണ് കേരള ഭാഗ്യക്കുറിയുടെ സുരക്ഷാകവചം ഒരുക്കുന്നത്.

ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കാനും പരിശോധിക്കാനും ഭാഗ്യക്കുറി വകുപ്പിന് പ്രത്യേകം സംവിധാനവുമുണ്ട്. അനധികൃത ലോട്ടറി തടയാന്‍ പ്രത്യേക അന്വേഷണ യൂണിറ്റുമുണ്ട്. സുരക്ഷിതവും സുതാര്യവുമായ ലോട്ടറി ഇറക്കുന്നതിന് 2005ലെ കേരള സംസ്ഥാന പേപ്പര്‍ ലോട്ടറി റെഗുലേഷന്‍സ് ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. നിലവില്‍ നിയമ വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് ലോട്ടറികള്‍ വില്‍ക്കാന്‍ അനുമതിയുള്ളൂ. ഇത് ലംഘിച്ചാല്‍ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരവും നിയമവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോട്ടറികള്‍ക്കെതിരേ പരാതിപ്പെടാന്‍ ഏജന്റുമാര്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ട്.

'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും'; കേരള ഭാഗ്യക്കുറിയുടെ ചരിത്രം
'കോണ്‍ഗ്രസില്‍ നേതൃത്വമില്ല, പ്രവര്‍ത്തകര്‍ എന്നെ മനസിലാക്കും'; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍

അതേസമയം ഇന്ത്യയില്‍ ഭാഗ്യക്കുറി തുടങ്ങിയ ആദ്യ സംസ്ഥാനം കേരളമാണെങ്കിലും ആദ്യമായി ഭാഗ്യക്കുറി ഇറക്കിയ ഭരണകൂടം തിരുവിതാംകൂര്‍ രാജകുടുംബമാണ്. കേരളം രൂപവത്കരിക്കുന്നതിനും എട്ടുപതിറ്റാണ്ട് മുമ്പ് തിരുവിതാംകൂറില്‍ ലോട്ടറി ഇറക്കിയിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിലെ ഏഴുനിലയുള്ള ഗോപുരം പുനര്‍നിര്‍മ്മിക്കാനാണ് ആദ്യമായി ലോട്ടറി കൊണ്ടുവരുന്നത്. 1874ല്‍ ആയില്യം തിരുന്നാളാണ് ഇതിനുള്ള അനുമതി നല്‍കിയത്.

logo
The Fourth
www.thefourthnews.in