ആശുപത്രി സംരക്ഷണ നിയമം: ഓര്‍ഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തില്‍; കൊട്ടാരക്കര ആശുപത്രി പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര്

ആശുപത്രി സംരക്ഷണ നിയമം: ഓര്‍ഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തില്‍; കൊട്ടാരക്കര ആശുപത്രി പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര്

ആശുപത്രികളില്‍ പോലീസ് സുരക്ഷ ഉറപ്പാക്കും
Updated on
2 min read

ആശുപത്രി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആശുപത്രി സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇടപെടല്‍. ഓര്‍ഡിനന്‍സില്‍ ഹൈക്കോടതി നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തും. ആശുപത്രികളില്‍ പോലീസ് സുരക്ഷ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.

നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിന് മുൻപാകെ സമർപ്പിക്കണം.

ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. മറ്റ് ആശുപത്രികളിലും പോലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും ആവശ്യമായ സിസിടിവികള്‍ സ്ഥാപിക്കും. ഓരോ ആറു മാസത്തിലും സുരക്ഷാ പരിശോധനയും നടത്തും.

പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രി സംരക്ഷണ നിയമം: ഓര്‍ഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തില്‍; കൊട്ടാരക്കര ആശുപത്രി പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര്
'കസ്റ്റഡിയിലുള്ളവരെ പരിശോധിക്കാന്‍ ജയിലില്‍ സൗകര്യമൊരുക്കണം'; മുഖ്യമന്ത്രിക്ക് കെജിഎംഒഎയുടെ കത്ത്

മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കും വരെ അനിശ്ചിതകാല സമരം തുടരുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ട് വന്നത്. ഡോക്ടര്‍മാരുടെ സംഘടനകള്‍ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളിന്മേലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍.

ഉന്നതതല യോഗത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, എഡിജിപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആശുപത്രി സംരക്ഷണ നിയമം: ഓര്‍ഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തില്‍; കൊട്ടാരക്കര ആശുപത്രി പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര്
കണ്ണീരോർമയായി വന്ദന; വേദനയോടെ വിടചൊല്ലി നാട്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ പേര് നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്‍കുന്നത്.

അതിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മരണഭയം കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ബുധനാഴ്ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്‌ സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വന്ദനയുടെ സംസ്കാര ചടങ്ങുകള്‍ കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ നടന്നു. പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്കാരം. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ ആയിരങ്ങളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിത്.

logo
The Fourth
www.thefourthnews.in