മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ചെന്ന് പരാതി; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ കേസ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം. മരുന്ന് മാറി കുത്തിവെച്ചതിനെത്തുടര്‍ന്ന് രോഗി മരിച്ചെന്നാണ് പരാതി. കൂടരഞ്ഞി സ്വദേശി സിന്ധുവാണ് (45) മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനിയെത്തുടര്‍ന്ന് ഇന്നലെയാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നഴ്‌സ് മരുന്ന് മാറി വെച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. നഴ്‌സ് ഇഞ്ചക്ഷന്‍ വെച്ചതോടെയാണ് സിന്ധു കുഴഞ്ഞു വീണതെന്നും ക്രൂരമായ പെരുമാറ്റമായിരുന്നു നഴ്‌സിന്റേതെന്നും കുടുംബം ആരോപിച്ചു. ഇനി ഒരു രോഗിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സിന്ധുവിന്റെ കുടുംബം പറയുന്നു.
എന്നാല്‍ മരുന്നു മാറിയിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കുന്ന വിശദീകരണം. സിന്ധുവിന് കുത്തിവെച്ച ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ എന്ന മരുന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കിയതാണ്. ടെസ്റ്റ് ടോസിന് ശേഷമാണ് മരുന്ന് കുത്തിവെച്ചതെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമായാല്‍ മാത്രമെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.