ജീവന്‍ കവരുന്ന 'സൈബർ ബുള്ളിയിങ്'; അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ഇന്റര്‍നെറ്റ് കീഴടക്കുമ്പോൾ
അധിക്ഷേപത്തിന്റെയും ഭീഷണികളുടെയും വെർബൽ റേപ്പുകളുടെയും വിഷം നിർത്താതെ ചീറ്റിയെറിയുകയാണ് നമ്മുടെ സൈബറിടങ്ങൾ. കോവിഡിനും ലോക്ക് ഡൗണ്‍ കാലത്തിനും ശേഷം നമ്മുടെയെല്ലാം ജീവിതത്തിലെ അവിഭാജ്യ ഘടകമായി സ്മാർട്ട് ഫോണും സാമൂഹ്യ മാധ്യമങ്ങളും മാറിയിരിക്കുന്നു. കുട്ടികൾ മുതൽ വൃദ്ധർ വരെ, സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ എല്ലാവരും സൈബർ ലോകം നൽകുന്ന വിശാലമായ ആകാശത്തിന്റെ ഭാഗമാകുന്നു.
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യസമില്ലാതെ, കേട്ടാലറക്കുന്ന ഭാഷയിൽ കമന്റുകൾ ചെയ്യാനും, അധിക്ഷേപ വർഷം ചൊരിഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കാനും, ഇൻബോക്സുകളിൽ ചോദ്യം ചെയ്യാനും, കുറ്റപ്പെടുത്താനും, തെറിവിളികൾ മുഴക്കാനും ആളുകൾ തയാറാവുന്നു എന്നതാണ് വിർച്വൽ ലോകത്തെ സംബന്ധിച്ച ഭീകരത. മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടാൻ പാകത്തിനുള്ളതാണ് ഈ 'സൈബർ ബുള്ളിയിങ്' നൽകുന്ന മനസികാഘാതം.
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യസമില്ലാതെ, കേട്ടാലറക്കുന്ന ഭാഷയിൽ കമന്റുകൾ ചെയ്യാനും, അധിക്ഷേപ വർഷം ചൊരിഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കാനും, ഇൻബോക്സുകളിൽ ചോദ്യം ചെയ്യാനും, കുറ്റപ്പെടുത്താനും, തെറിവിളികൾ മുഴക്കാനും ആളുകൾ തയ്യാറാവുന്നു എന്നതാണ് വിർച്വൽ ലോകത്തെ സംബന്ധിച്ച ഭീകരത
ഏറ്റവും ഒടുവിൽ തിരുവനന്തപുരം സ്വദേശിയായ പതിനെട്ടുകാരിയുടെ മരണത്തോടെയാണ് സൈബർ ബുള്ളിയിങ് വീണ്ടും ചർച്ചയാകുന്നത്. മരണത്തിന് മുൻപായി ക്രൂരമായ സൈബർ ആക്രമണങ്ങളാണ് പെൺകുട്ടി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ നേരിട്ടത്. പ്ലസ് ടു വിദ്യാർഥിയായ പെൺകുട്ടിക്കെതിരെ മരണശേഷവും സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ നിറയുകയാണ്. എന്തിനെ ചൊല്ലിയാണ് ഈ കമന്റുകൾ ? എന്താണ് സൈബറിടത്തെ മുഖവും പേരുകളുമില്ലാത്ത മനുഷ്യരെ ചൊടിപ്പിച്ചത് ? പെൺകുട്ടിയുടെ സൗഹൃദങ്ങളും വേർപിരിയലും ഒക്കെയാണ് കമന്റുകൾക്കാധാരം.
തികച്ചും വ്യക്തിപരമായ സംഗതി. നേരത്തെ അടുപ്പമുണ്ടായിരുന്ന യുവാവുമായി പെൺകുട്ടി വേർപിരിഞ്ഞതും, സുഹൃത്തുക്കളോടൊപ്പം റീൽസ് ചെയ്തതുമെല്ലാം 'ഫോളോവേഴ്സിനെ' ചൊടിപ്പിച്ചു. പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അധിക്ഷേപിച്ച് കൊണ്ടുള്ള സൈബർ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മരണശേഷവും അതവസാനിക്കുന്നില്ല.
പെൺകുട്ടിയുടെ മരണത്തെ തുടർന്ന് #stopcyberbullying എന്ന ഹാഷ്ടാഗ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈബർ ബുള്ളിയിങിൻ്റെ വിഷമേറ്റ ഏറ്റവും ഒടുവിലത്തെ ആളാണ് ഈ പെൺകുട്ടി. നൂറുകണക്കിന് പേർ ഇതിനോടകം തന്നെ ഈ പ്രശ്നം ഉയർത്തിക്കാട്ടിയിട്ടുണ്ട്. കൂടുതലും സ്ത്രീകൾ. സ്ത്രീകളുടെ നല്ല നടപ്പും ശുദ്ധിയും ഒക്കെ പരിശോധിക്കാൻ സൈബറിടത്തെ മനുഷ്യർക്ക് വലിയ ഉത്സാഹമാണ്. എത്ര ഉയരത്തിൽ എത്തിയാലും എത്ര വലിയ നേട്ടങ്ങൾ കൈവരിച്ചാലും സ്വപനങ്ങൾക്ക് പിറകെ പായുമ്പോഴും ഈ സ്ത്രീകൾ സമൂഹത്തിന്റെ ഓഡിറ്റിങ്ങിന് വിധേയമാകുന്നു. പേരില്ലാത്ത മുഖമില്ലാത്ത മനുഷ്യരുടെ സദാചാര കണ്ണുകളിലൂടെ അവർ സദാ വിലയിരുത്തപ്പെടുന്നു. അവരുടെ പ്രതീക്ഷകൾക്ക് ഒത്തുയരാത്ത സ്ത്രീകളെ 'പോക്ക് കേസ്' എന്ന് വിലയിരുത്താനും പോസ്റ്റുകളും കമന്റുകളും പങ്കുവെക്കാനും പിന്നെ ധൃതിയാകുന്നു.
വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും, അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതിലും യാതൊരു തരത്തിലുള്ള അപാകതയും ഇത്തരക്കാർ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്
വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും, അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതിലും യാതൊരു തരത്തിലുള്ള അപാകതയും ഇത്തരക്കാർ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരാളുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പോ നിലപാടുകളോ വിവാഹമോ വിവാഹമോചനമോ പ്രണയമോ കുടുംബകാര്യമോ, നമ്മുടെ കാര്യമാവുകയും അതിൽ നമുക്ക് ഇടപെടാമെന്ന നില വരികയും ചെയ്യുന്നത് എപ്പോഴാണ്. മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനുള്ള മനുഷ്യന്റെ വ്യഗ്രതയിൽ നിന്നാണ് ഈ നിലയും വരുന്നതെന്ന് പേരൂർക്കട മെന്റൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ് വി. ബിജി പറയുന്നു. സ്വതവേ മാനസിക ബുദ്ധിമുട്ടുകളിൽ നിൽക്കുന്ന ആളുകൾക്ക് ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും യഥാർത്ഥ ലോകവും വിർച്വൽ ലോകവും തമ്മിലുള്ള വ്യത്യാസം പൂർണ്ണമായി ഉൾകൊള്ളാൻ കുട്ടികൾക്കാവാറില്ല. അതിന്റെ പ്രശ്നങ്ങളും അവിടെ പാലിക്കേണ്ട മര്യാദകളും അവരെ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്. ഒരു പോസ്റ്റ് പങ്കുവെക്കുമ്പോൾ അത് പിന്നാലെ അപ്രതീക്ഷിതമായി വരുന്ന ഇത്തരം പ്രശ്നങ്ങളെ പലപ്പോഴും കൈകാര്യം ചെയ്യാൻ പറ്റാതെ വരുമ്പോഴാണ് കുട്ടികൾ തളരുന്നത്. ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ അവർ കണ്ടുപിടിക്കുന്ന വഴിയാകും അപ്പോൾ ആത്മഹത്യ.
തകർന്നടിയുന്ന അവസ്ഥയിലേക്ക് നമ്മളെ ഈ പ്രശ്നങ്ങൾ കൊണ്ടെത്തിക്കുന്നത്. നല്ല ഏതെങ്കിലും ചിത്രങ്ങൾ തിയേറ്ററിൽ വരുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ വന്ന് നിറയുമായിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. എത്രത്തോളം സാധിക്കുമോ അത്രത്തോളം ഈ സൈബർ അധിക്ഷേപങ്ങൾ എന്നെ തകർത്തു കളഞ്ഞു
ഡോ. ഗിരിജ
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തള്ളിക്കയറുന്ന പ്രവണത അവസാനിപ്പിക്കാൻ ആളുകൾ സ്വയം ബോധവാന്മാരാവേണ്ടതുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. അത് അവരുടെ ജീവിതമാണ്, തീരുമാനങ്ങൾ ആണ്, തിരഞ്ഞെടുപ്പുകളാണ്, അതിലേക്ക് നയിച്ച ഘടകങ്ങൾ ഉണ്ടാകും, അക്കാര്യത്തിൽ അഭിപ്രായം പറയാൻ നമ്മൾ ആളല്ല തുടങ്ങിയ കാര്യങ്ങൾ സ്വയം മനസിലാക്കിയെടുക്കേണ്ടതുണ്ട്. കുട്ടികളിൽ അത് പഠിപ്പിച്ച് കൊണ്ടുവരാം. മുതിർന്നവർ സ്വയം ബോധവാന്മാരെകേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു.
സൈബർ അധിക്ഷേപങ്ങളും ബുള്ളിയിങ്ങുകളും മൂലം പ്രഹരങ്ങളേറ്റ അനവധി പേർ നമുക്ക് മുൻപിൽ തന്നെയുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഇഫ്ലുവൻസർമാരും യൂട്യൂബർമാരും ആണ് കൂടുതൽ പേരും. സെലിബ്രിറ്റികളും വളരെയധികമാണ്. പലരും ഇതിനോടകം തന്നെ ഇതിനെതിരെ രംഗത്ത് വരികയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരും ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നു.
തൃശ്ശൂരിലെ തിയേറ്റർ ഉടമയായ ഡോ. ഗിരിജ സാധാരണക്കാരിയായ ഒരു സ്ത്രീയാണ്. സ്വന്തമായി ജീവിതം പടുത്തുയർത്തുകയും പോരാട്ടത്തിലൂടെ വിജയം എടത്തിപ്പിടിക്കുകയും ചെയ്ത സ്ത്രീ. അവരുടെയും രണ്ടു കുട്ടികൾ അടങ്ങുന്ന അവരുടെ കുടുംബത്തിന്റെയും വരുമാനമാർഗമായിരുന്നു ഗിരിജ തിയേറ്റർ. ഈ സ്ത്രീ നീണ്ട അഞ്ച് വര്ഷത്തോളമാണ് ക്രൂരമായ സൈബർ ആക്രമണങ്ങൾക്ക് ഇരയായത്. കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ ഉള്ള ചിത്രങ്ങൾ മാത്രം എടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുമ്പോഴും അവരുടെ കമന്റ് ബോക്സുകൾ അശ്ലീലവും അധിക്ഷേപകരവുമായ കമന്റുകൾ കൊണ്ട് നിറഞ്ഞു. വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ മാരകമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതിരൂക്ഷമായ സൈബർ ആക്രമങ്ങളെ കൈകാര്യം ചെയ്യാൻ ഒരു പരിധിക്കപ്പുറം അവർക്ക് കഴിയാതെ വന്നു. ബിസിനസിനൊപ്പം ശരീരവും മനസും തകർന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം നടക്കാനും ഇരിക്കാനും വയ്യാതായി. ആരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നറിഞ്ഞിട്ടും , അയാൾ പ്രബലനായത് കൊണ്ട് മാത്രം ഗിരിജക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. രാത്രികളിൽ ഉറക്കമില്ലാതായ ഗിരിജ മരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുമ്പോഴാണ് അവരുടെ കഥ മാധ്യമങ്ങളിൽ വരുന്നത്.
"അന്നനുഭവിച്ചിട്ടുള്ള സ്ട്രെസ് കാരണമാണ് ഇപ്പോഴുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാം. അഞ്ച് വർഷം ഈ സൈബർ ബുള്ളിയിങ് അനുഭവിച്ചു. ആരാണെന്നറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എവിടെ നിന്നും നടപടികൾ ഉണ്ടായില്ല. ആ അവസ്ഥയിലാണ് ഞാൻ കടന്നുപോയിരുന്നത്. വലിയ രീതിയിലുള്ള ആക്രമണമാണ് ഞാൻ നേരിട്ടത്. ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ എന്നെ സഹായിച്ചത് മാധ്യമങ്ങളാണ്. ഞാൻ ജീവനോടെ ഇരിക്കുന്നത് മാധ്യമങ്ങൾ കാരണമാണ്. വാർത്തകൾ വന്നതിന് പിന്നാലെ ലഭിച്ച പിന്തുണയാണ് എന്നെ ആത്മഹത്യയിൽ നിന്ന് തിരികെ നടത്തിയത്. എത്ര കടിച്ച് പിടിച്ച് നിന്നാലും ഒരു ദുർബലനിമിഷത്തിൽ ഇത്തരം ചിന്തകൾ നമ്മളിലേക്ക് വരും.
തകർന്നടിയുന്ന അവസ്ഥയിലേക്കാണ് നമ്മളെ ഈ പ്രശ്നങ്ങൾ കൊണ്ടെത്തിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് തിയേറ്റർ ഈ നിലയിൽ എത്തിയത്. നല്ല ഏതെങ്കിലും ചിത്രങ്ങൾ തിയേറ്ററിൽ വരുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ കൊണ്ട് നിറയുമായിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു. എത്രത്തോളം സാധിക്കുമോ അത്രത്തോളം ഈ സൈബർ അധിക്ഷേപങ്ങൾ എന്നെ തകർത്തു കളഞ്ഞു," ഗിരിജ ദ ഫോർത്തിനോട് പറയുന്നു.
മാരകമായ സൈബർ വിഷം ഏറ്റവരിൽ ചലച്ചിത്ര താരങ്ങളും ഗായകരും യൂട്യൂബേഴ്‌സും വ്ലോഗർമാരും എല്ലാം ഉൾപ്പെടുന്നു. ഗായിക അഭിരാമി സുരേഷ് മലയാളികൾക്ക് ഏറെ പരിചിതയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി തന്നെ ഇടപെടുകയും ആരാധകരുമായി വിശേഷങ്ങൾ പങ്കിടുകയും ചെയ്യുന്നയാളാണ് അഭിരാമി.
13 ആം വയസ് മുതൽ സൈബറിടത്തെ ആക്രമണങ്ങളും ബോഡി ഷെയ്‌മിങ്ങുകളുമെല്ലാം അഭിരാമി കണ്ടുതുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഈ സൈബർ ഗുണ്ടകൾ അഭിരാമിക്ക് അപരിചിതരല്ല.
സൈബർ ബുള്ളിയിങ് കൊണ്ടും മറ്റുള്ളവരുടെ ബ്യുട്ടി സ്റ്റാൻഡേർഡ്‌സിനെ മീറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നത് കൊണ്ടും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന് തോന്നിയപ്പോഴാണ് ഇതിൽ നിന്നെല്ലാം പുറത്ത് വന്നത്. സൈബർ ബുള്ളിയിങ്ങിന്റെ ഇരയും അതിജീവിതയും ആയതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഇക്കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്
അഭിരാമി സുരേഷ്
കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്ക് ഐക്യദാർഢ്യം അറിയിച്ച് അഭിരാമി സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. നേരത്തെയും സമാന പ്രശ്നങ്ങൾ അഭിരാമി ഉയർത്തികാട്ടിയിട്ടുണ്ട്. അതിന്റെ കാരണം തന്റെ അനുഭവങ്ങൾ തന്നെയാണെന്ന് അഭിരാമി പറയുന്നു. "പതിമൂന്നാം വയസിൽ കരിയർ തുടങ്ങിയാലാണ് ഞാൻ. അന്ന് മുതൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ബോഡി ഷെയ്മിങ് ധാരാളം അനുഭവിച്ചിട്ടുണ്ട്. തുടക്കത്തിൽ അതെന്നെ വല്ലാതെ ബാധിക്കുകയും ഭയങ്കരമായി വിഷമിക്കുകയും ചെയ്തിരുന്നു. പിന്നാലെ എല്ലാത്തിൽ നിന്നും വല്ലാതെ ഉൾവലിയാൻ തുടങ്ങി. പക്ഷെ സൈബർ ബുള്ളിയിങ് കൊണ്ടും മറ്റുള്ളവരുടെ ബ്യൂട്ടി സ്റ്റാൻഡേർഡ്‌സിനെ മീറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നത് കൊണ്ടും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന് തോന്നിയപ്പോഴാണ് ഇതിൽ നിന്നെല്ലാം പുറത്ത് വന്നത്. സൈബർ ബുള്ളിയിങ്ങിന്റെ ഇരയും അതിജീവിതയും ആയതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഇക്കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്.
ആളുകളുടെ വ്യക്തിഗത അതിരുകൾ മാനിക്കാതെയും ധാർമിക ബോധം ഇല്ലാതെയുമാണ് സൈബർ ബുള്ളിയിങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നത്. ചിലരുടെ ഫ്രസ്ട്രേഷനുകളും സമയം പോക്കും കാരണം മറ്റുള്ളവരാണ് മനസികാഘാതം അനുഭവിക്കുന്നത്. അത് താങ്ങാനുള്ള കരുത്ത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. പലരും അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങളാണ് റീൽസിലൂടെയും മറ്റും പങ്കുവെക്കുന്നത്. തീവ്രമായ ആക്രമങ്ങൾക്കിരയാകാതെ ഉയർന്നുവരുന്ന ആർക്കും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാൻ പാകത്തിന് അവിടം കൂടുതൽ കരുണയുള്ള ഇടമാകണം," അഭിരാമി പറയുന്നു. എല്ലാവരും വ്യക്തിഗത അതിരുകളെ ബഹുമാനിക്കാൻ പഠിക്കണം. ഇത്തരം ബുള്ളിയിങ്ങുകൾ ചെയ്യാൻ നമ്മൾ എത്രത്തോളം യോഗ്യതയുള്ളവരാണെന്ന് ചിന്തിക്കണം. സൈബർ ഇടങ്ങളിൽ വളർന്നുവരുന്ന പിൻതലമുറയെ സംരക്ഷിക്കാൻ കൂടുതൽ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ടതുണ്ടതുണ്ടെന്നും അഭിരാമി ചൂണ്ടിക്കാട്ടുന്നുണ്ട്.
സൈബറിടങ്ങളിലെ ആക്രമങ്ങളും അധിക്ഷേപങ്ങളും മൂലം കൂടുതൽ ജീവനുകൾ പൊലിയാതിരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്
സൈബറിടങ്ങളിലെ ആക്രമങ്ങളും അധിക്ഷേപങ്ങളും മൂലം കൂടുതൽ ജീവനുകൾ പൊലിയാതിരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഏതവസരത്തിലും ആരെയെങ്കിലും വിചാരണ ചെയ്യാനോ, അധിക്ഷേപിക്കാനോ, ഭീഷണിപ്പെടുത്താനോ നമ്മൾ യോഗ്യരാവുന്നില്ലെന്ന് സ്വയം മനസിലാക്കണം. നമ്മുടെ അലമുറകൾ മറ്റൊരാളെ എത്ര ആഴത്തിൽ വേദനിപ്പിക്കുന്നുവെന്ന് ചിന്തിക്കേണ്ടത് നമ്മൾ തന്നെയാണ്.