ഇന്ധന, മദ്യ സെസ് ഏർപ്പെടുത്തിയതിലൂടെ കേരള സർക്കാർ പിരിച്ചത് എത്ര രൂപ?

ഇന്ധന, മദ്യ സെസ് ഏർപ്പെടുത്തിയതിലൂടെ കേരള സർക്കാർ പിരിച്ചത് എത്ര രൂപ?

ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി സാമൂഹ്യ സുരക്ഷ സെസ് പ്രഖ്യാപിച്ചത്.
Updated on
1 min read

അടിമാലിയിൽ ക്ഷേമ പെൻഷൻ കിട്ടാതെ പിച്ച ചട്ടിയുമായി പ്രതിഷേധിച്ച മറിയക്കുട്ടിയെ കാണാൻ എത്തിയപ്പോൾ ഇന്ധന, മദ്യ സെസ് ഏർപ്പെടുത്തിയതിലൂടെ കേരള സർക്കാർ എത്ര രൂപ പിരിച്ചെന്ന ചോദ്യം സുരേഷ് ഗോപി ഉന്നയിച്ചിരുന്നു. പെൻഷൻ നൽകാൻ വേണ്ടി ഇന്ധന- മദ്യ, സെസ്സ് ഏർപ്പെടുത്തിയ ശേഷം സർക്കാർ ഇത്രകാലം എത്ര രൂപയാണ് പിരിച്ചത്. പെൻഷൻ നൽകാൻ തയ്യാറല്ലെങ്കിൽ സെസ്സ് പിരിവ് നിർത്തിക്കൂടെ എന്നും, പണം വക മാറ്റി ചെലവഴിച്ചോ എന്നും സുരേഷ് ഗോപി ചോദിച്ചു.

സുരേഷ് ഗോപി ചോദിച്ച കണക്കിന്റെ ഉത്തരം ഇതാ... ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് സാമൂഹ്യ സുരക്ഷ സെസ് പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്നത് 750 കോടി രൂപ. കഴിഞ്ഞ മാസം ഒക്ടോബർ 23 വരെ ലഭിച്ചത് 510 കോടി രൂപ. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ രണ്ടു രുപവീതവുമാണ് സെസ് ഈടാക്കിയത്.

ഇന്ധന, മദ്യ സെസ് ഏർപ്പെടുത്തിയതിലൂടെ കേരള സർക്കാർ പിരിച്ചത് എത്ര രൂപ?
ചെലവ് കൂടും; ഇന്ധന-മദ്യ വില കൂടും, നികുതിയും കൂട്ടി

ഏപ്രിലിൽ 18.8 കോടിരൂപ, മേയിൽ 95.58 കോടിരൂപ, ജൂണിൽ 84.16 കോടിരൂപ, ജൂലൈയിൽ 79.53 കോടിരൂപ, ഓഗസ്റ്റിൽ 91.8 കോടിരൂപ, സെപ്റ്റംബറിൽ 83.94 കോടിരൂപ, ഒക്ടോബർ 23 വരെ 56.2 കോടി രൂപ. അങ്ങനെ ആകെ 510 കോടിരൂപയാണ് ഇന്ധന സെസിലൂടെ സമാഹരിച്ചത്.

തീർന്നില്ല മദ്യത്തിനും സെസ് ഏർപ്പെടുത്തിയിരുന്നു. കുപ്പിക്ക്‌ 500 രൂപയ്‌ക്ക്‌ മുകളിൽ 999 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‌ 20 രൂപയും, 1000 രൂപയ്‌ക്ക്‌ മുകളിൽ കുപ്പിക്ക്‌ 40 രൂപവരെയുമായിരുന്നു സെസ്. ഇതുവരെ കിട്ടിയത്‌ 120 കോടി രുപ. രണ്ടും ചേർത്താൽ 630 കോടി രൂപയാണ് ഇതു വരെ ലഭിച്ചത്.

പ്രതിമാസ പെൻഷന് വേണ്ടത് 900 കോടി രൂപ. അതായത് ആകെ പിരിച്ച സെസ് തുക ഒരു മാസത്തെ പെൻഷൻ പോലും നൽകാൻ കഴിയില്ല എന്ന് ചുരുക്കം. രണ്ടാം പിണറായി സർക്കാർ 23000 കോടി രൂപ ഇതുവരെ സാമുഹ്യ പെൻഷനായി വിതരണം ചെയ്തു. ഇത് 5 വർഷത്തിൽ 50000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും സെസ് പിരിവ് ഈ ബജറ്റോടെ അവസാനിപ്പിക്കില്ലെന്ന സൂചനയാണ് ധനമന്ത്രി തന്നെ നൽകുന്നത്.

logo
The Fourth
www.thefourthnews.in