'മാലിന്യം കുമിഞ്ഞുകൂടിയതെങ്ങനെ, ആമയിഴഞ്ചാന്‍ തോട്ടില്‍ ഇനിയെന്ത് ചെയ്യും', ജോയിയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി
ശുചീകരണ തൊഴിലാളി ജോയി മരിച്ചതിന് പിന്നാലെ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. തോട്ടിലേക്കുള്ള പ്ലാസ്റ്റിക് മാലിന്യം ഒഴുകി വരുന്നതിന്റെ കാരണം, അത് നീക്കം ചെയ്യേണ്ട രീതി, മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ, തിരുവനന്തപുരം നഗരസഭ, കളക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടു. മാലിന്യപ്രശ്‌നത്തില്‍ കോടതി അമിക്കസ്‌ക്യൂറിയെയും നിയമിച്ചു. അമിക്കസ്‌ക്യൂറി സംഭവ സ്ഥലം സന്ദര്‍ശിക്കുകയും എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം നല്‍കുകയും ചെയ്യും. കനാലില്‍ മാലിന്യം അടിഞ്ഞു കൂടിയ മറ്റ് ഭാഗങ്ങളും അമിക്കസ്‌ക്യൂറി സന്ദര്‍ശിക്കുന്നതായിരിക്കും. കൂടാതെ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെ കുറിച്ച് ഓപ്പറേഷന്‍ അനന്തയിലെ അധികാരികളുമായി അമിക്കസ്‌ക്യൂറി ചര്‍ച്ച നടത്തും.
കനാലില്‍ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും ഇനി എങ്ങനെയാണ് നീക്കം ചെയ്യാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കണമെന്നും സൂചിപ്പിക്കുന്നു. ഈ മാസം 26നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ജോയിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ചേര്‍ന്ന പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റിസ് ബിച്ചു കുര്യന്‍ തോമസും ജസ്റ്റിസ് ഗോപിനാഥ് പിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വലകള്‍ സ്ഥാപിച്ചതിനാല്‍ തന്നെ തങ്ങളുടെ അധീനതയിലുള്ള ഭാഗത്തേക്ക് മാലിന്യങ്ങള്‍ വരില്ലെന്ന് റെയില്‍വേ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞു നിന്നതിനാല്‍ മാലിന്യങ്ങള്‍ ഒഴുകി വരുന്നത് തടയാന്‍ ഈ വലകള്‍ക്ക് സാധിച്ചിരുന്നില്ല.
46 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്. ജോയിയെ കാണാതായ ടണലിന് പുറത്തുള്ള തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. തോട്ടിലെ പൈപ്പില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംസ്‌കാരം.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം നഗരഹൃദയത്തില്‍ ശുചീകരണത്തൊഴിലാളിയായ ജോയി മാലിന്യം നിറഞ്ഞ ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ടത്. ശുചീകരണ ജോലിക്കിടെ റെയില്‍വേ സ്റ്റേഷന് അടിവശത്തുകൂടി കടന്നുപോകുന്ന തുരങ്കസമാനമായ ഭാഗത്തുവച്ചാണ് ജോയി മാലിന്യങ്ങള്‍ക്കിടയില്‍ ഒഴുക്കില്‍പ്പെട്ടത്.