പോലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു; മനുഷ്യാവകാശ പ്രവർത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
കേരളത്തില്‍ സമീപകാലങ്ങളില്‍ ഉണ്ടായ പോലീസ് നടപടികളിൽ പ്രതിഷേധിച്ച് പുരോഗമന യുവജന പ്രസ്ഥാനം നടത്തിയ യോഗത്തിൽ പങ്കെടുത്തവർക്കെതിരെ കേസ്. മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച വൈകിട്ട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പിഎ പൗരനും മറ്റ് ഒൻപത് പേർക്കുമെതിരെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
അടുത്തിടെ മഞ്ചേരിയിലും കിളികൊല്ലൂരും പോലീസ് സ്വീകരിച്ച ക്രൂര നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പുരോഗമന യുവജന പ്രസ്ഥാനം യോഗം സംഘടിപ്പിച്ചത്. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ സികെ അബ്ദുൽ അസീസിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
അനീതികള്‍ക്ക് എതിരെ സംസാരിക്കുന്നവരുടെ വായ്മൂടി കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് പോലീസിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരായ കേസെന്ന് പി എ പൗരൻ ദ ഫോർത്തിനോട് പ്രതികരിച്ചു. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അതിന് മറുപടി ലഭിച്ച ശേഷം മാത്രമേ ഹാജരാകുകയുള്ളു എന്നും പൗരൻ പറഞ്ഞു.
'എതിർ ശബ്ദങ്ങളെ ഭയക്കുന്ന ഭരണകൂടം പോലീസ് സംവിധാനം ഉപയോഗിച്ച് എങ്ങനെ നേരിടുന്നു എന്തിനതിനുള്ള തെളിവാണ് തനിക്കും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോലീസിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്ന അജണ്ടയാണ് അവർക്കുള്ളത്. കിളികൊല്ലൂർ ഉൾപ്പെടെ പോലീസ് നടത്തിയ അതിക്രമങ്ങളെ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. പോലീസ് പറയുന്ന പോലെ പ്രകോപനപരമായ ഒന്നും തന്നെ നടന്നിട്ടില്ല.' അഡ്വ. പിഎ പൗരൻ ദ ഫോർത്തിനോട് പറഞ്ഞു.
സമാധാനപരമായാണ് യോഗം നടന്നത്, പോലീസ് നടപടി അനാവശ്യമാണെന്നും പുരോഗമന യുവജന പ്രസ്ഥാനം സെക്രട്ടറി സിപി നഹാസ് പറഞ്ഞു. പോലീസ് അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുകയും കുറ്റവാളികളെന്ന് കണ്ടെത്തുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചത്. തീര്‍ത്തും സമാധാനപരമായും മൈക്ക് പോലും ഉപയോഗിക്കാതെയും നടന്ന യോഗത്തിനെതിരെയാണ് പൊതുജങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കലാപാഹ്വാനം നടത്തിയെന്നുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. എല്ലാ സംഘടനകളും സാധാരണയായി പൊതുയോഗം നടത്തുന്ന ബസ് സ്റ്റാൻഡിന് സമീപത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മൈക്കോ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ചിട്ടില്ല. സമാധാന പരമായിട്ടാണ് യോഗം നടന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, അനുവാദമില്ലാതെയാണ് പരിപാടി നടത്തിയതെന്നാണ് മഞ്ചേരി പോലീസിന്റെ പ്രതികരണം. കൂടുതല്‍ വിവരങ്ങളൊന്നും നൽകാനില്ലെന്നും പോലീസ് പ്രതികരിച്ചു.