കേരളാ ഹൈക്കോടതി
കേരളാ ഹൈക്കോടതി

വഴിയോര കച്ചവടക്കാരന് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന് ഉത്തരവിടാന്‍ കമ്മീഷന് അധികാരമുണ്ടെന്ന് ഹൈക്കോടതി
Updated on
1 min read

മനുഷ്യാവകാശ ലംഘനം ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുന്നതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്. വഴിയോര കച്ചവടക്കാരനെ ഒഴിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് കോട്ടയം നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

വഴിയോരത്ത് തുണി കച്ചവടം നടത്തിയിരുന്നയാളുടെ കടയിലെ തുണികള്‍ നഗരസഭാ ജീവനക്കാര്‍ എടുത്തുകൊണ്ടു പോയി എന്നതായിരുന്നു കേസ്

നോട്ടീസ് നല്‍കാതെയും മുന്‍കൂട്ടി അറിയിക്കാതെയും വഴിയോരത്ത് തുണി കച്ചവടം നടത്തിയിരുന്നയാളുടെ കടയിലെ തുണികള്‍ അദ്ദേഹം സ്ഥലത്തില്ലാത്തപ്പോള്‍ നഗരസഭാ ജീവനക്കാര്‍ എടുത്തുകൊണ്ടു പോയി എന്നതായിരുന്നു കേസ്. സംഭവത്തില്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

എന്നാല്‍ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാന്‍ മാത്രമാണ് കമ്മിഷന് അധികാരമെന്നും പണം നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്നുമായിരുന്നു നഗരസഭയുടെ വാദം. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 367 (3), 372 എന്നിവ പ്രകാരം നഗരസഭയ്ക്ക് കൈയേറ്റക്കാരെ ഒഴിപ്പിക്കാം. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം മനുഷ്യാവകാശ കമ്മിഷന്‍ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാന്‍ മാത്രമാണ് അധികാരമുള്ളൂവെന്നും നഗരസഭ വാദമുന്നയിച്ചു.

കച്ചവടക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം നിഷേധിക്കുകയാണുണ്ടായതെന്ന് കോടതി

2014-ലെ തെരുവ് കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമപ്രകാരമുള്ള കുടിയൊഴിപ്പിക്കലില്‍ നിന്നുള്ള സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് കച്ചവടക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനും വാദമുന്നയിച്ചു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള കുടിയൊഴിപ്പിക്കല്‍ സെക്രട്ടറിയുടെ വിവേചനാധികാരത്തില്‍ അധിഷ്ടിതമാണെങ്കിലും അതില്‍ നീതിയും ന്യായവുമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി. കച്ചവടക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം നിഷേധിക്കുകയാണുണ്ടായതെന്നും കോടതി ചൂണ്ടികാട്ടി.

കടയുടെ സമീപത്ത് സ്ഥാപിച്ച മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ശുചീകരണ തൊഴിലാളിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് മരുന്ന് വാങ്ങാനായി പുറത്ത് പോയ സമയത്ത് മുനിസിപ്പാലിറ്റിയിലെ പതിനഞ്ചോളം ജീവനക്കാര്‍ എത്തി കടയിലെ തുണികള്‍ മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ കയറ്റി കൊണ്ടു പോയെന്നുമാണ് പരാതി. ഇത് തന്റെ ഉപജീവന മാര്‍ഗത്തെ ബാധിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും 2,34,000 രൂപയുടെ നഷ്ടം ഉണ്ടായെന്നും ചൂണ്ടികാട്ടിയാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. തുടര്‍ന്നാണ് 50,000 രൂപ നഷ്ടപരിഹാരത്തിന് കമ്മീഷന്‍ ഉത്തരവിട്ടത്. ഇതിനെതിരെയാണ് നഗരസഭ ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in