അപകടത്തില്‍പ്പെട്ട ബൈക്ക്
അപകടത്തില്‍പ്പെട്ട ബൈക്ക്

ബൈക്ക് റേസിങ് നിയന്ത്രിക്കാൻ എന്ത് ചെയ്തു? പോലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു
Updated on
1 min read

റേസിങ് ബൈക്കുകള്‍ തിരക്കേറിയ റോഡുകളില്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കോവളം വാഴമുട്ടത്ത് 12 ലക്ഷത്തിന്റെ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കേസ് ഫെബ്രുവരി 28 ന് പരിഗണിക്കും.

റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയില്‍ സന്ധ്യ( 53) തല്‍ക്ഷണം മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി അരവിന്ദും( 24 ) മരിച്ചു. 12 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കോവളത്ത് ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു അരവിന്ദ്.

സംഭവത്തിന് കാരണം അമിത വേഗമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റേസിങ് നടന്നതിന് തെളിവില്ലെന്നും കണ്ടെത്തലുണ്ട്. വീട്ടമ്മ റോഡ് മുറിച്ച് കടന്നത് അശ്രദ്ധമായിട്ടായിരുന്നു എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം

logo
The Fourth
www.thefourthnews.in