ആനത്താരയിൽനിന്ന് മനുഷ്യരെ മാറ്റിപ്പാർപ്പിക്കുകയാണ് വേണ്ടത്: മൂന്നാർ മുൻ ഡിഎഫ്ഒ പ്രകൃതി ശ്രീവാസ്തവ
ചിന്നക്കനാല്‍ മേഖലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാൻ പുനരധിവാസം ഒരു വലിയ സാധ്യതയാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥ പ്രകൃതി ശ്രീവാസ്തവ. ചിന്നക്കനാലില്‍ ഇത്രയധികം കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം ആരംഭിച്ചു. ആനകളുടെ സഞ്ചാരപഥം തടഞ്ഞുകൊണ്ട് ഉയര്‍ന്നുവന്ന എണ്ണമറ്റ റിസോര്‍ട്ടുകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന നിലയുണ്ടാക്കിയെന്നും പ്രകൃതി ശ്രീവാസ്തവ വ്യക്തമാക്കുന്നു.
എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത്, 2002 ഓഗസ്റ്റ് 27നാണ് ചിന്നക്കനാലിലെ ചിന്നക്കനാല്‍-ആനയിറങ്കല്‍ മേഖലയിലെ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. അന്ന് മൂന്നാര്‍ ഡി എഫ് ഒയായിരുന്ന പ്രകൃതിയുടെ എതിരഭിപ്രായം മറികടന്നായിരുന്നു സര്‍ക്കാര്‍ നടപടി.
ചിന്നക്കനാല്‍-ആനയിറങ്കല്‍ മേഖലയിലെ ആനത്താര ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ച് കൊടുക്കുന്നതിനായി 27.08.2002 ന് അന്നത്തെ എ കെ ആന്റണി മന്ത്രിസഭ തീരുമാനമെടുത്തപ്പോള്‍ അന്നത്തെ മൂന്നാര്‍ ഡി എഫ് ഓ ആയിരുന്ന താങ്കള്‍ അതിനോട് ശക്തമായി വിയോജിച്ചതും വിയോജന കുറിപ്പ് സര്‍ക്കാരിന് എഴുതിയതും പല ടെലിവിഷന്‍ ചര്‍ച്ചകളിലും ലേഖനങ്ങളിലും ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഏത് സാഹചര്യത്തിലായിരുന്നു അത്
അവിടുത്തെ ആനത്താരയില്‍ വരുന്ന 276 ഹെക്ടര്‍ സ്ഥലം 559 കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കുന്നതിന് എതിരെ ഞാന്‍ കത്തെഴുതുകയും ആ കത്ത് ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അതിലെ അപകടങ്ങള്‍ വിവരിക്കുന്ന ആ കത്തിന്റെ കോപ്പി എന്റെ കൈവശം ഇപ്പോഴില്ല. പക്ഷെ അത് ദേവികുളം ഫോറസ്‌ററ് റേഞ്ച് ഓഫീസ്, മൂന്നാര്‍ ഫോറസ്‌ററ് ഡിവിഷന്‍ ഓഫിസ്, ഹൈറേഞ്ച് സര്‍ക്കിള്‍ ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍ ഓഫിസ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഓഫീസ് എന്നിവിടങ്ങളിലെ ഫയലുകളില്‍ ഭദ്രമായുണ്ട്. വേണ്ടവര്‍ക്ക് അവിടങ്ങളില്‍നിന്ന് വിവരാവകാശ നിയമ പ്രകാരം കോപ്പി ആവശ്യപ്പെടാം. ആനത്താരകള്‍ പതിച്ചുനല്‍കിയാല്‍ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമെന്നും വിപരീത ഫലമേ ഉണ്ടാകൂമെന്നും ആ കത്തിലുണ്ട്. അന്നുയര്‍ത്തിയ ആശങ്കകള്‍ ഇന്നേ അതേപടി യാഥാര്‍ഥ്യമായി എന്നത് മറ്റൊരു ദുരന്തം.
ചിന്നക്കനാല്‍ മേഖലയില്‍ ആയിരത്തി അഞ്ഞൂറേക്കര്‍ സ്ഥലം ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കാമെന്നും ആ സ്ഥലങ്ങള്‍ അത്രയേറെ സംരക്ഷിക്കപ്പെടേണ്ടവയല്ല എന്നും പറഞ്ഞുകൊണ്ട് താങ്കള്‍ സര്‍ക്കാരിന് കത്ത് നല്കിയിരുന്നോ? ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ആ കത്തിന്റെ നിജസ്ഥിതി എന്താണ്? കയ്യേറ്റ മാഫിയകളും അവയുടെ പ്രചാരകരും പറയുന്നത് താങ്കള്‍ അവിടെ ഭൂമി പതിച്ചു നല്‍കുന്നതിന് ഒരിക്കലും എതിര് നിര്‍ന്നിട്ടില്ലെന്നും മറിച്ചുള്ളത് പ്രകൃതി സംരക്ഷണവാദികളുടെ നുണ ആണെന്നുമാണ്. എന്താണ് വാസ്തവം?
അവര്‍ പ്രചരിപ്പിക്കുന്ന കത്ത് ഞാന്‍ എഴുതിയത് തന്നെയാണ്. പക്ഷെ അതിലെ തിയ്യതി നോക്കുക. 13-03-2002 നാണ് ഞാന്‍ ആ കത്തെഴുതുന്നത്. അന്നത്തെ ഹൈറേഞ്ച് സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക്. അതൊരു ഔദ്യോഗിക കത്തായിരുന്നില്ല. അതിന്നൊരു നിയമപരമായ പിന്‍ബലവും ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക സാഹചര്യമായിരുന്നു അന്ന്. ഏതു വിധേനയും മതികെട്ടാനിലെ ജൈവവൈവിധ്യ സമ്പന്നമായ വനഭൂമിയില്‍ നിന്നും കയ്യേറ്റങ്ങള്‍ നിര്‍ബന്ധമായും ഒഴിച്ചെടുക്കേണ്ട ഉത്തരവാദിത്വം ആയിരുന്നു അപ്പോള്‍ എനിക്കും കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരുന്നത്. കയ്യേറ്റങ്ങള്‍ അവയുടെ പാരമ്യത്തില്‍ നില്‍ക്കുന്നു. നിറയെ ഷോലക്കാടുകള്‍ ആണ് മതികെട്ടാനില്‍. ശാന്തന്‍പാറ, പൂപ്പാറ, രാജാക്കാട്, രാജകുമാരി മേഖലകള്‍ക്കുള്ള വെള്ളത്തിന്റെ ഏക ഉറവിടം മതികെട്ടാനായിരുന്നു. ആനകളും കാട്ടുപോത്തുകളും അടക്കം നിരവധി വന്യമൃഗങ്ങളുടെ ആവാസപ്രദേശം. അവയെ സംരക്ഷിക്കണം. ശാന്തന്‍പാറ, ഉടുമ്പന്‍ചോല മേഖലയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും മതികെട്ടാനാണ്. ലോവര്‍ പെരിയാര്‍, പൊന്മുടി ഡാമുകളുടെ വൃഷ്ടി പ്രദേശമാണ്. താഴ്വാരങ്ങളിലെ നിരവധി ഏലതോട്ടങ്ങളുടെ നിലനില്‍പും അതിനോട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അങ്ങനെയുള്ള മതികെട്ടാനിലാണ് ആയിരത്തിയഞ്ഞൂറ് ഏക്കര്‍ സ്ഥലം പതിച്ചു കൊടുക്കാന്‍ പ്ലാന്‍ ഇട്ടത്. അത് തടയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. മതികെട്ടാനിലെ അത്രയധികം പ്രാധാന്യമില്ലാത്ത ബദല്‍ സ്ഥലങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആണ് ചിന്നക്കനാല്‍-ആനയിറങ്കല്‍ മേഖലയില്‍ തത്തുല്യമായ ഭൂമി കാണാനായത്. വനത്തിന്റെ സ്വഭാവം ഉള്ളതെങ്കിലും റവന്യൂ ഭൂമിയായിരുന്നു. ഏറ്റവും വിലപ്പെട്ടതിനെ സംരക്ഷിക്കാന്‍ അവിടം ഞാന്‍ നിര്‍ദേശിച്ചു എന്നത് സത്യമാണ്. എന്നാല്‍ അത് ഭാഗികമായ സത്യം മാത്രവുമാണ്. ഭാഗ്യവശാല്‍ എന്റെ നിര്‍ദേശം തള്ളിക്കളയപ്പെട്ടു. മതികെട്ടാനില്‍ കയ്യേറ്റം പൂര്‍ണ്ണമായി ഒഴിപ്പിച്ചു. അവിടം ദേശീയ ഉദ്യാനമായി. അടിമാലിയിലെ റവന്യൂ ഭൂമിയിലേക്ക് ഒഴിപ്പിച്ചവരെ പുനരധിവസിപ്പിച്ചു. ആ മനുഷ്യര്‍ എല്ലാം വനമേഖലക്ക് പുറത്തായി.
അതേവര്‍ഷം ആഗസ്റ്റിലാണ് ചിന്നക്കനാലിലെ ആനത്താര 559 കുടുംബങ്ങള്‍ക്ക് പതിച്ചു കൊടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സ്ഥലം ഡി എഫ് ഓ എന്ന നിലയില്‍ ഞാന്‍ ആ പ്രശ്‌നം സമഗ്രമായി പഠിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. വിയോജിപ്പ് എഴുതി നല്‍കി. ഓര്‍ക്കുക: ആദ്യത്തേത് കൃത്യമായ പഠനവും നിഗമനങ്ങളുമില്ലാതെ അടിയന്തര സാഹചര്യത്തില്‍ നല്‍കിയ വെറുമൊരു അനൗപചാരിക നിര്‍ദേശം ആയിരുന്നു. ഇത് അങ്ങനെയല്ല. ഔദ്യോഗിക സ്വഭാവം ഉള്ളതാണ്. മതികെട്ടാനിലെ കുടിയേറ്റക്കാര്‍ വേറെ. ചിന്നക്കനാലിലെ കുടിയേറ്റക്കാര്‍ വേറെ. എന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണക്കില്‍ എടുത്തില്ല. 2003 ല്‍ അവിടെ 559 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. വനം വകുപ്പിനെ വിശ്വാസത്തില്‍ എടുക്കാതെ റവന്യൂ വകുപ്പ് മുന്നോട്ടു പോയി.
പിന്നീട് എന്ത് സംഭവിച്ചു?
ചിന്നക്കനാലില്‍ ഇത്രയധികം കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം ആരംഭിച്ചു. ആനകളുടെ സഞ്ചാര പഥം തടഞ്ഞുകൊണ്ട് ഉയര്‍ന്നുവന്ന എണ്ണമറ്റ റിസോര്‍ട്ടുകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. നിലവില്‍ 40 ഓളം കുടുംബങ്ങള്‍ മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവര്‍ അവിടം വിട്ടുപോയി. അവശേഷിക്കുന്ന കുടുംബങ്ങളെ കൃത്യമായ നഷ്ടപരിഹാരം നല്‍കി സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരു സമഗ്ര പദ്ധതി ഞങ്ങള്‍ പിന്നീട് നിര്‍ദേശിച്ചിരുന്നു. അത് ഇപ്പോഴും നിര്‍ദേശമായി നിലനില്‍ക്കുന്നു. ശാശ്വതമായി അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുനരധിവാസം ഒരു വലിയ സാധ്യതയാണ്.
താങ്കള്‍ മുന്‍പ് എഴുതിയ അനൗദ്യോഗികമായ ഒരു കത്ത് ഇന്ന് പലരും പ്രചരിപ്പിക്കുന്നു. വസ്തുതകളെ വളച്ചൊടിക്കുന്നു. എന്നാല്‍ ആനയിറങ്കല്‍ വിഷയത്തിലെ ഔദ്യോഗിക കത്ത് വെളിച്ചം കാണാതെയിരിക്കുന്നു. ഔദ്യോഗിക സ്വഭാവമുള്ള രണ്ടാമത്തെ കത്ത് താങ്കള്‍ക്ക് വെളിപ്പെടുത്താവുന്നതല്ലേ? ആ പ്രശ്‌നം അവിടെ തീരില്ലേ?
ഞാന്‍ ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. ഞാന്‍ സര്‍ക്കാരിലേക്ക് എഴുതിയ ഔദ്യോഗികമോ അല്ലാത്തതോ ആയ ഒരു കത്തും ഒരിക്കലും പുറത്തുവിട്ടിട്ടില്ല. താങ്കള്‍ പറയുന്ന വിഭാഗം ആളുകള്‍ ഞാന്‍ എഴുതിയ ആദ്യത്തെ കത്ത് ഉപയോഗിച്ച് കാര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ക്ക് ആ കത്ത് ലഭ്യമാക്കിയത് ഞാനല്ല. രണ്ടാമത്തെ കത്ത് പുറത്തുവരാതിരിക്കുക എന്നത് അവരുടെ ആവശ്യമാകാം. വിവരാവകാശ പ്രകാരം ആര്‍ക്കും ഞാന്‍ പറഞ്ഞ ഓഫീസുകളില്‍ നിന്നും പകര്‍പ്പ് ആവശ്യപ്പെടാം. ഉള്ളടക്കം ഞാന്‍ താങ്കളോട് പങ്കുവച്ചു കഴിഞ്ഞു.
അരിക്കൊമ്പന്‍ വിഷയം കത്തി നില്‍ക്കുന്ന അവസ്ഥയില്‍ ചിന്നക്കനാലിലെ പ്രശ്‌നങ്ങള്‍ വിവരിക്കുന്ന ഒരു നോട്ട് താങ്കള്‍ വനം സെക്രട്ടറിക്ക് നല്‍കിയതായി അറിഞ്ഞു. അതിന്റെ കോപ്പി ഞങ്ങളുടെ കൈവശം ഉണ്ട്. അതില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത താങ്കള്‍ പറഞ്ഞിട്ടുണ്ട്. ആ നോട്ട് അധികാരികമാണോ? താങ്കള്‍ തന്നെ എഴുതിയതാണോ?
തീര്‍ച്ചയായും. ഞാന്‍ എഴുതിയത് തന്നെയാണ്. അതില്‍ ഞാന്‍ എഴുതിയിരിക്കുന്നത് താങ്കള്‍ വായിച്ചില്ലേ? എനിക്കൊന്നും ഒളിക്കാനില്ല. മതികെട്ടാന്‍ വിഷയവുമായി ബന്ധപ്പെട്ട അനൗദ്യോഗിക കത്ത് ഒന്നാം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ചിന്നക്കനാല്‍ പതിച്ചു നല്‍കുന്ന ക്യാബിനറ്റ് തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന കത്തിന്റെ കോപ്പി കൈവശം ഇല്ലെന്നു പറഞ്ഞിട്ടുണ്ട്. സമഗ്രമായി കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. അത് വായിച്ചാല്‍ ആര്‍ക്കും സംശയം ഒന്നും വരില്ല. എന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാകും.
അരിക്കൊമ്പനെ മാറ്റിപാര്‍പ്പിച്ച വിഷയത്തെക്കുറിച്ച് എന്തെങ്കിലും.
ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്. നയപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ വ്യക്തിഗതമായി അഭിപ്രായം പറയുന്നത് ശരിയല്ല.
ആനത്താരയില്‍ നിന്നും മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് തന്നെയാണോ അഭിപ്രായം?
തീര്‍ച്ചയായും. അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല.