വന്യമൃഗശല്യം: അന്തര്‍ സംസ്ഥാന സഹകരണ കരാര്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വന്യമൃഗശല്യം: അന്തര്‍ സംസ്ഥാന സഹകരണ കരാര്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

കേരള, കര്‍ണാടക വനംവകുപ്പ് മന്ത്രിമാരാണ് കരാറില്‍ ഒപ്പുവച്ചത്. തമിഴ്‌നാട് വനം മന്ത്രി എം മതിവേന്ദന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഒപ്പുവയ്ക്കാനായില്ല
Updated on
1 min read

സംസ്ഥാനത്ത് വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പുവച്ച് കേരളവും കര്‍ണാടകയും. ഇന്ന് ബന്ദിപ്പൂരില്‍ നടന്ന കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് കരാറായത്.

കേരള, കര്‍ണാടക വനംവകുപ്പ് മന്ത്രിമാരാണ് കരാറില്‍ ഒപ്പുവച്ചത്. തമിഴ്‌നാട് വനം മന്ത്രി എം മതിവേന്ദന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഒപ്പുവയ്ക്കാനായില്ല. മന്ത്രി ഒപ്പിട്ടില്ലെങ്കിലും തമിഴ്‌നാടും കരാറിന്റെ ഭാഗമായിരിക്കും. കരാറിന്റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപീകരിക്കും.

മനുഷ്യ വന്യമൃഗ സംഘര്‍ഷമേഖല അടയാളപ്പെടുത്തുക, വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക, പ്രശ്‌നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, വിഭവശേഷി വികസനം, വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുക അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുക എന്നിവയാണ് ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന ലക്ഷ്യങ്ങള്‍.

തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍, മുതുമലൈ, നാഗര്‍ഹോളൈ, വയനാട് തുടങ്ങിയ മേഖലകളില്‍ കാട്ടാനയും മറ്റ് വന്യമൃഗങ്ങളും നിരന്തരം നാട്ടിലിറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.

logo
The Fourth
www.thefourthnews.in