'ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു'; മിത്ത് വിവാദം വിടാതെ സ്പീക്കര്‍ എഎന്‍ ഷംസീര്‍
മിത്ത് വിവാദത്തില്‍ ചെറിയൊരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതികരണവുമായി എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താനെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഒരു പൊതുപ്രവര്‍ത്തകന് സംസാരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാല്‍ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും എ എന്‍ ഷംസീര്‍ ചോദിച്ചു.
സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി പ്രസംഗിക്കവേയാണ് ഷംസീറിന്റെ പരാമര്‍ശം. ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദങ്ങളാണ് കേരളത്തിലുണ്ടാക്കിയത്.
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മിത്ത് പരാമർശം നടത്തിയത്. ''ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്''- എന്നായിരുന്നു ഷംസീറിന്റെ പ്രസ്താവന. ഇത് സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് പ്രതിഷേധവും പരാതികളുമായി ബിജെപി രംഗത്തെത്തിയത്.
സ്പീക്കര്‍ ഹൈന്ദവ വിശ്വാസങ്ങളേയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും ഉയര്‍ത്തുന്ന പരാതി.