''ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് കരുതിയില്ല'' കണ്ഠമിടറി, പാതിയില്‍ വാക്കുകള്‍ നിര്‍ത്തി പിണറായി

''ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് കരുതിയില്ല'' കണ്ഠമിടറി, പാതിയില്‍ വാക്കുകള്‍ നിര്‍ത്തി പിണറായി

പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ കിട്ടാതെ, അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു
Updated on
1 min read

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മയില്‍ വിങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ നടന്ന അനുശോചന സമ്മേളനത്തില്‍ പിണറായിക്ക് പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. കോടിയേരിക്ക് ഇത്തരമൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ലെന്നും സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രസംഗത്തിനിടെ കണ്ഠമിടറി, ഒരു വേള നിശബ്ദനായി. പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ കിട്ടാതെ, അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു.

അനുശോചനയോഗത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉള്‍പ്പെടെ നേതാക്കൾ പങ്കെടുത്തു. പയ്യാമ്പലം പാർക്കിലെ ഓപ്പൺ സ്‌റ്റേജിലായിരുന്നു യോഗം.

പയ്യാമ്പലത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കോടിയേരിയുടെ സംസ്കാര ചടങ്ങുകള്‍. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയുടെയും അന്ത്യ വിശ്രമം. പിണറായിയും യെച്ചൂരിയും ഉള്‍പ്പെടെ നേതാക്കളാണ് കോടിയേരിയുടെ മൃതദേഹം തോളിലേറ്റി പയ്യാമ്പലത്ത് പ്രവേശിച്ചത്. പോലീസ് സേന ആദരം അർപ്പിച്ചു. ബിനീഷും ബിനോയിയും ചേർന്ന് കോടിയേരിയുടെ ചിതയ്ക്ക് തീ കൊളുത്തി. സ്ത്രീകളും കുട്ടികളും വയോധികരും അടക്കം ജനസാഗരമാണ് വിലാപയാത്രയ്ക്കൊപ്പം പയ്യാമ്പലത്ത് എത്തിയത്.

ശനിയാഴ്ച തലശേരി മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹം ഞായർ രാത്രി പത്തോടെയാണ് കോടിയേരിയിലെ വസതിയിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതു നേതാക്കളും എംഎൽഎമാരും ഉൾപ്പെടെയുളളവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. എയർ ആംബുലൻസിലാണ് മൃതദേഹം കണ്ണൂർ വിമാനത്താവളത്തില്‍ എത്തിച്ചത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി കോടിയേരിക്ക് അന്ത്യോപചാരം അറിയിച്ചു. ചെന്നൈയില്‍ തമിഴ്നാട്ടില്ലെ സിപിഎം പ്രവര്‍ത്തകര്‍ കോടിയേരിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നാരംഭിച്ച വിലാപയാത്ര 14 ഇടങ്ങളിലായി ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൌകര്യം ഒരുക്കിയിരുന്നു.

logo
The Fourth
www.thefourthnews.in